navalny

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തെ ആദ്യം ചികിത്സിച്ച സൈബേറിയൻ ആശുപത്രി അധികൃതർ. നവൽനി ആശുപത്രിയിലായ അന്നു മുതൽ അവർ പറഞ്ഞ വാചകങ്ങളിൽ അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ നടത്തിയ വാർത്താസമ്മേളനം. വിമാനയാത്രയ്ക്കിടെ ഉള്ളിൽ വിഷം ചെന്ന നിലയിൽ നാലു ദിവസം മുമ്പാണ് നവൽനിയെ സൈബേരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് മാറ്റിയിരുന്നു. ആന്തരിക അവയവങ്ങളിലൊന്നും വിഷാംശം കണ്ടെത്താനായില്ല. വളരെ പ്രയത്നിച്ചാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെടുത്തിയതെന്നും ഓംസ്‌കിലെ സൈബേരിയൻ നഗരത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആശുപത്രി ചീഫ് അലക്സാണ്ടർ മാർകോവ്സ്കി പറഞ്ഞു.

'ഏതെങ്കിലും തരത്തിലുള്ള വിഷാംശം കണ്ടെത്തിയിരുന്നെങ്കിൽ അത് ഞങ്ങളുടെ ചികിത്സ എളുപ്പമാക്കിയേനെ. ഡയഗ്നോസിസ് ഉൾപ്പെടെ എല്ലാം വ്യക്തമാണെന്നും നവൽനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഭരണതലത്തിൽ നിന്ന് മറ്റൊരു രീതിയിലുള്ള സമ്മർദ്ധം തങ്ങൾക്കുണ്ടായെന്ന വാർത്ത തെറ്റാണെന്നും' അദ്ദേഹം പറഞ്ഞു. നവൽനി ചികിത്സ വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയാലും പ്രതിപക്ഷ നേതാവെന്ന നിലയിൽ പൊതുരംഗത്തിറങ്ങാൻ ഇനിയും സമയമെടുക്കുമെന്ന് ജർമനിയിലെ സിനിമ ഫോർ പീസ് ഫൗണ്ടേഷൻ സ്ഥാപകൻ ജാക്ക ബിസിൽജി അറിയിച്ചു.