syria

ഡമാസ്‌കസ്: സിറിയയിൽ പൈപ്പ്‌ ലൈനിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ രാജ്യം മുഴുവൻ അന്ധകാരത്തിലാണ്ടു. മന്ത്രിമാരെ ഉദ്ധരിച്ചുകൊണ്ട് സംസ്ഥാന വാർത്താ ഏജൻസി ഇന്നലെ പുലർച്ചയാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച വൈകിട്ട് ഡമാസ്‌കസ് പ്രദേശത്ത് പൈപ്പ്‌ലൈനിലുണ്ടായ സ്‌ഫോടനത്തിൽ സിറിയയിലുടനീളം വൈദ്യുതി മുടങ്ങിയതായി എസ്.എ.എൻ.എ റിപ്പോർട്ട് ചെയ്തു. ദമീറിനും അദ്രയ്ക്കും ഇടയിലുള്ള അറബ് ഗ്യാസ് പൈപ്പ്‌ലൈനിനെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്നും വൈദ്യുതി പുഃനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ചില വൈദ്യുത നിലയങ്ങൾ വീണ്ടും ബന്ധിപ്പിക്കുകയും ആവശ്യ ഘടകങ്ങൾക്ക് വൈദ്യുതി നൽകുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായതാകാമെന്ന് പെട്രോളിയം ധാതുവിഭവ മന്ത്രി അലി ഘനേം എസ്.എ.എൻ.എയോട് പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
സിറിയയിലെ എണ്ണ, വാതക മേഖലകളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അട്ടിമറി നടപടികൾ നടക്കുന്നുണ്ട്. എന്നാൽ, ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒമ്പത് വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിൽ 400,000 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. മാത്രമല്ല, സിറിയയുടെ അടിസ്ഥാന സൗകര്യങ്ങളെയും എണ്ണ, വാതക മേഖലകളെയും സാരമായി ബാധിച്ചു.