കൊച്ചി: സിറിൾ അമർചന്ദ് മംഗൾദാസ്! കോർപ്പറേറ്റുകൾക്കും വ്യക്തികൾക്കുമെല്ലാം നിയമസഹായം നൽകുകയാണ് സിറിൾ അമർചന്ദ് മംഗൾദാസിന്റെ പണി. പക്ഷേ, ഇതൊരാളല്ല! 700ഓളം നിയമവിദഗ്ദ്ധർ ഉൾപ്പെടെ 800ഓളം പേർ ജോലിയെടുക്കുന്ന പ്രസ്ഥാനമാണ്.
ഇന്ത്യയിലെ തന്നെ ഏറ്രവും വലിയ നിയമോപദേശ സ്ഥാപനങ്ങളിലൊന്നാണ്, മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൾ അമർചന്ദ് മംഗൾദാസ്. കോർപ്പറേറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്‌തിരുന്ന അഭിഭാഷകനായിരുന്ന സിറിൾ സുരേഷ് ഷറോഫ്, 2015ലാണ് സിറിൾ അമർചന്ദ് മംഗൾദാസ് എന്ന കമ്പനിക്ക് തുടക്കമിട്ടത്.
1917ൽ പ്രവർത്തനം ആരംഭിച്ച, 'അമർചന്ദ് ആൻഡ് മംഗൾദാസ് ആൻഡ് സുരേഷ് എ. ഷറോഫ് ആൻഡ് കോ" എന്ന കമ്പനിയുടെ പ്രവർത്തനത്തുടർച്ചയ്ക്കായി സിറിൾ ആരംഭിച്ചതാണ്, സിറിൾ അമർചന്ദ് മംഗൾദാസ്. കോർപ്പറേറ്ര്, ബാങ്കിംഗ്, ധനകാര്യം, നിക്ഷേപം, തൊഴിൽ, റിയൽ എസ്‌റ്രേറ്റ്, വ്യക്തിഗതം, അടിസ്ഥാനസൗകര്യം, ലയനം, ഏറ്റെടുക്കൽ തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ കമ്പനികൾക്കും വ്യക്തികൾക്കും നിയമോപദേശം നൽകി, ആഗോളതലത്തിൽ തന്നെ പ്രശസ്‌തമായ കമ്പനിയാണിത്.
ആഗസ്‌റ്ര് 16ലെ റിപ്പോർട്ട് പ്രകാരം 141 പാർട്ണർമാർ കമ്പനിക്കുണ്ട്. 700 അഭിഭാഷകരും പ്രവർത്തിക്കുന്നു. സിറിൾ ഷറോഫാണ് മാനേജിംഗ് പാർട്ണർ. ഭാര്യ വന്ദന ഷറോഫ് പാർട്ണറാണ്. മകളും അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യയുമായ പരീധി അദാനി കമ്പനിയുടെ ഓപ്പറേഷൻസ് ഹെഡ് ആണ്. മുംബയ്, ചെന്നൈ, ന്യൂഡൽഹി, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഓഫീസുകൾ.
ചില്ലറക്കാരല്ല കക്ഷികൾ
ജെറ്ര് എയർവേസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബന്ധൻ ബാങ്ക്, ആദിത്യ ബിർള, ഇൻഫോ എഡ്ജ് എന്നിങ്ങനെ ഒട്ടേറെ മുൻനിര കമ്പനികളുടെ പ്രമുഖ ഇടപാടുകൾക്ക് നിയമോപദേശം നൽകിയത് സിറിൾ അമർചന്ദ് മംഗൾദാസ് ആണ്. ഒട്ടേറെ പ്രശസ്‌തമായ അവാർഡുകളും ആഗോള അംഗീകാരങ്ങളും കമ്പനി നേടിയിട്ടുണ്ട്. നിയമോപദേശ രംഗത്ത്, ഏഷ്യയിൽ തന്നെ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയ കമ്പനിയുമാണിത്.
കല്യാണിന്റെ ഐ.പി.ഒ
1,750 കോടി രൂപ ലക്ഷ്യമിട്ട് കല്യാൺ ജുവലേഴ്‌സ് ഐ.പി.ഒ (പ്രാരംഭ ഓഹരി വില്പന) നടപടിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിൽ, ആയിരം കോടി രൂപ പുതിയ ഓഹരി വില്പനയും ബാക്കി കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ള വാർബർഗ് പിൻകസിന്റെ ഓഹരി വിറ്റൊഴിയലുമാണ്. ഈ ഇടപാടിൽ വാർബർഗ് പിൻകസിന്റെ നിയമോപദേശകരാണ് സിറിൾ അമർചന്ദ് മംഗൾദാസ്.
തിരുവനന്തപുരം വിമാനത്താവളവും വിവാദവും
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കേന്ദ്രം നൽകിക്കഴിഞ്ഞു. ഇതിന്റെ ടെൻഡറിൽ അദാനിയുടെ പ്രധാന എതിരാളി സംസ്ഥാന സർക്കാർ ആയിരുന്നു. എന്നാൽ, അദാനിക്ക് ബന്ധമുള്ള സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനിയായിരുന്നു സർക്കാരിന്റെ ഉപദേശകർ. ഇതാണ് വിവാദമായത്.
അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യ പരീധി അദാനി, സിറിൾ അമർചന്ദ് മംഗൾദാസ് തലവൻ സിറിൾ ഷറോഫിന്റെ മകളാണ്.