ab

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ രാജി വയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആബേ കഴിഞ്ഞ ദിവസം ചികിത്സയുടെ ഭാഗമായി ടോക്കിയോയിലെ ആശുപത്രി സന്ദർശിച്ചതാണ് രാജി വാർത്തകൾക്ക് അടിസ്ഥാനം. നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ആബേയ്ക്ക് കൊവിഡ് പകർച്ച വ്യാധി പ്രതിരോധത്തിലെ പരാജയവും വലിയ തിരിച്ചടിയായി. ഇതോടെയാണ് ഭരണം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും അനൗദ്യോഗിക വിവരമുണ്ട്.

ആബേയ്ക്ക് പകരം നിലവിലെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ താരോ ആസോ താത്കാലികമായി പ്രധാനമന്ത്രിയാകുമെന്നും വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭരണ കക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ ആസോയ്ക്ക് ആ പദവിയിൽ തുടരാനാകും. പാർട്ടിയിലെ ആദ്യകാല നേതാക്കളിൽ ഒരാളുടെ പേരക്കുട്ടിയാണ് ആസോ. ആബേ മന്ത്രിസഭയിൽ പല നിർണായ സന്ദർഭങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആബേയുടെ പിൻഗാമിയായി പാർട്ടി ആസോയെ തിരഞ്ഞെടുക്കുമെന്നാണ ഒരുവിഭാഗം വിലയിരുത്തുന്നത്. എന്നാൽ, മുതിർന്ന നേതാക്കളായ ഷിഗരു ഇഷിബിയ, ഫുമിയോ കിഷിദ തുടങ്ങി വമ്പൻമാരെ വെട്ടിമാറ്റി വേണം ആസോയ്ക്ക് പ്രധാനമന്ത്രി പദത്തിലെത്താൻ എന്നതും ഒരു വെല്ലുവിളിയാണ്.