
മനില: ദക്ഷിണ ഫിലിപ്പീൻസിലെ ജോലോ ദ്വീപിൽ നടന്ന ഇരട്ട സ്പോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ആദ്യ സ്ഫോടനം ഉച്ചയോടെയും പിന്നീട് ഒരു മണിക്കൂറിന് ശേഷം രണ്ടാം സ്ഫോടനവും നടന്നു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി സംഘമായ അബു സയ്യിഫാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ആദ്യ ബോംബ് മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച നിലയിലായിരുന്നുവെന്ന് പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്തെ ഒരു ഭക്ഷണശാല, കമ്പ്യൂട്ടർ ഷോപ്പ്, പട്ടാള ട്രക്ക് എന്നിവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഫിലിപ്പീൻസും അമേരിക്കയും അബു സയ്യിഫനെ കരിമ്പട്ടിയിൽപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി സംഘടനയ്ക്ക് നേരെ ഫിലിപ്പീൻസ് പട്ടാളം ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി അബു സയ്യിഫിലെ അംഗങ്ങളുടെ എണ്ണം നൂറിൽ ഒതുങ്ങിയിരുന്നു. പ്രധാന കമാൻഡറായിരുന്ന അബ്ദുൽജിഹാദ് സുസുക്കനടക്കം നിരവധി ഭീകരർ കീഴടങ്ങിയിരുന്നു.