missile

ടെഹ്റാൻ: 176 പേരുടെ മരണത്തിനിടയാക്കിയ ഉക്രെയിൻ യാത്രാ വിമാനം തകർന്നത് ഇറാന്റെ മിസൈലുകളേറ്റെന്ന് സ്ഥിരീകരണം. 25 സെക്കൻഡ് ഇടവേളകളിൽ പതിച്ച രണ്ട് മിസൈലുകളേറ്റാണ് വിമാനം തകർന്നതെന്ന് ഇറാൻ സ്ഥിരീകരിച്ചു. കോക്പിറ്റിൽ നടന്ന 19 സെക്കൻഡ് സംഭാഷണവും ബ്ലാക്ക് ബോക്സും പാരീസിൽ അയച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഇറാൻ ഏവിയേഷൻ ഓർഗനൈസേഷൻ വെളിപ്പെടുത്തി.

ജനുവരി എട്ടിനാണ് ലോകത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. ടെഹ്റാൻ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിന് നേരെ ഇറാൻ റെവല്യൂഷനറി ഗാർഡ്സ് മിസൈൽ തൊടുക്കുകയായിരുന്നു. ആദ്യ മിസൈൽ ഏറ്റതോടെ വിമാനത്തിന്റെ റേഡിയോ സംവിധാനം നശിച്ചു. രണ്ടാമത്തെ മിസൈൽ പതിച്ചതോടെ വിമാനം അഗ്നിഗോളമാകുകയായിരുന്നു.

ഇറാൻ ജനറൽ ഖാസിം സുലൈമാനി യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷം രൂക്ഷമായപ്പോഴായിരുന്നു ഉക്രയിൻ വിമാനത്തിന് നേരെ ഇറാൻ മിസൈൽ തൊടുത്തത്. ഇറാന് അബദ്ധം സംഭവിച്ചതായി അന്നേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.