വാഷിംഗ്ടൺ: അടിയന്തര സാഹചര്യങ്ങളിൽ കൊവിഡ് 19 രോഗികളിൽ പ്ലാസ്മ ചികിത്സ നടത്താൻ അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ). നിലവിൽ 70000 ത്തോളം പേരാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ കാത്ത് കഴിയുന്നത്. ചികിത്സ സുരക്ഷിതമാണെന്ന് എഫ്.ഡി.എ അറിയിച്ചിട്ടുണ്ട്. ചികിത്സ വിജയകരമാകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചികിത്സ പ്രാബല്യത്തിൽ വന്നയുടൻ അറിയാൻ കഴിയുമെന്നും അവർ പറയുന്നു. ചികിത്സാരീതിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് യു.എസ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പ്ളാസ്മാ ചികിത്സ വൈകിപ്പിക്കുന്നതിനെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ, എഫ്.ഡി.എ അനുമതി നൽകിയപ്പോൾ ഇത്തരമൊരു ചരിത്ര വിജ്ഞാപനം നടത്താനായാണ് താൻ കാത്തിരുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്.
കൊവിഡിനെ ചൈനാ വൈറസെന്ന് വിളിച്ചു
തന്റെ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടിക്കിടെ ഡൊണാൾഡ് ട്രംപ് കൊറോണ വൈറസിനെ വിശേഷിപ്പിച്ചത് 'ചൈനാ വൈറസ്" എന്നാണ്. അടിയന്തര ഘട്ടങ്ങളിൽ രോഗികളിൽ പ്ളാസ്മാ ചികിത്സ നടത്താമെന്ന എഫ്.ഡി.എയുടെ തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതിനിടെയാണ് ട്രംപ് ഇത്തരമാരു വിശേഷണം ഉന്നയിച്ചത്. രാജ്യത്തെ കൊവിഡ് മുക്തരെല്ലാം പ്ളാസ്മാ ദാനത്തിനായി മുന്നോട്ടുവരണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.