കേരള ആഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 146/19 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്) തസ്തികയിലേക്ക് ഒ.എം.ആർ. പരീക്ഷ നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി കമ്മിഷൻ യോഗത്തിൽ തീരുമാനിച്ചു.
സ്ക്രൈബിന് പത്ത് ദിവസം മുമ്പ് അപേക്ഷിക്കണം
പി.എസ്.സിയുടെ വിവിധ ഒ.എം.ആർ. പരീക്ഷകളിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് പത്ത് ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ്, നിർദ്ദിഷ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ആസ്ഥാന/ജില്ലാ ഓഫീസുകളിൽ അപേക്ഷ നൽകണം.
പ്ലസ് വൺ: അപേക്ഷാ സമർപ്പണം ഇന്നുകൂടി
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. കാൻഡിഡേറ്ര് ലോഗിൻ സൃഷ്ടിക്കാൻ ബാക്കിയുള്ളവരും അഞ്ച് മണിക്കുള്ളിൽ അത് പൂർത്തിയാക്കണം. സെപ്തംബർ അഞ്ചിനായിരിക്കും ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് സെപ്തംബർ 15ന് പ്രസിദ്ധീകരിക്കും. 4.76 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്.
ഡി.എൻ.ബി അലോട്ട്മെന്റ്
തിരുവനന്തപുരം: ആദ്യ അലോട്ട്മെന്റിനുശേഷമുള്ള ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ഒഴിവ് സീറ്റുകളിലേക്ക് അലോട്ട്മെന്റ് ഫലം www.cee.kerala.gov.inൽ. അലോട്ട്മെന്റ് കിട്ടിയവർ മെമ്മോയുടെ പ്രിന്റൗട്ടും നിശ്ചിത ഫീസും സഹിതം 26ന് വൈകിട്ട് 3 ന് മുമ്പ് അതത് കോളേജുകളിൽ പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
ജൂനിയർ റസിഡന്റ് റാങ്ക് പട്ടികയിലുള്ളവർ സന്നദ്ധത അറിയിക്കണം
തിരുവനന്തപുരം : കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കായി പ്രസിദ്ധീകരിച്ച ജൂനിയർ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിലവിൽ നിയമനം ലഭിക്കാത്ത, ജോലി ഏറ്റെടുക്കുവാൻ താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 31ന് മുമ്പ് estt.gmckollam@gmail.com മുഖേന പ്രിൻസിപ്പലിനെ സേവന സന്നദ്ധത അറിയിക്കണം. താത്പര്യം അറിയിക്കാത്ത ഉദ്യോഗാർത്ഥികളെ പരിഗണിക്കില്ല.
ഹോളോഗ്രാം സർട്ടിഫിക്കറ്റിന്അപേക്ഷിക്കാം
തിരുവനന്തപുരം: ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതിയിൽ 10931 വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർക്ക് ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. നിശ്ചിത തീയതിക്കകം സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ കൗൺസിൽ തുടർ നടപടി സ്വീകരിക്കും. അപേക്ഷയും, ഫീസും www.medicalcouncil.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അതിന്റെ പ്രിന്റൗട്ടും കൗൺസിലിന്റെ അസൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മറ്റ് ആവശ്യമായ രേഖകൾ സഹിതം കൗൺസിലിലേക്ക് അയയ്ക്കണം.