manuel-nuer

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരായ നെയ്മറും എംബാപ്പെയും പല തവണ ശ്രമിച്ചിട്ടും ബയേണിന്റെ ഗോൾ വല കുലുങ്ങാതിരുന്നെങ്കിൽ അത് മാനുവൽ ന്യൂയർ എന്ന ഗോളിയുടെ അസാദ്ധ്യ മികവ് കൊണ്ടാണ്. എണ്ണിക്കൊണ്ട് അഞ്ച് കിടിലൻ സേവുകളാണ് ന്യൂയർ മത്സരത്തിൽ നടത്തിയത്.

എതിരാളികളുടെ നീക്കങ്ങൾ ഞൊടിയിടയിൽ മനസിലാക്കാൻ കഴിയുന്നതാണ് ന്യൂയറെ ഇക്കാലത്തെ ഏറ്റവും മികച്ച ഗോളിയാക്കുന്നത്. ഗ്രൗണ്ട് ഷോട്ടായാലും ഹെഡറായാലും സ്ട്രൈക്കറുടെ മനസിലിരിപ്പ് ഏറ്റവും വേഗത്തിൽ മനസലാക്കി ഒാട്ടോമാറ്റിക്കായി പ്രതിരോധം തീർക്കുകയാണ് മാനുവൽ ന്യൂയർ ചെയ്യുക. 2014ൽ ജർമ്മനിയെ ലോകകപ്പ് കിരീടത്തിലേക്ക് വലകാത്ത ന്യൂയർ ബയേണിനൊപ്പം എട്ട് ബുണ്ടസ് ലീഗ കിരീടങ്ങളിലും അഞ്ച്ജർമ്മൻ കപ്പുകളിലും രണ്ട് ചാമ്പ്യൻസ് ലീഗുകളിലും മുത്തമിട്ടു.

ന്യൂയറിന്റെ സേവുകൾ

19-ാം മിനിട്ട്

പ്രതിരോധത്തെ മുഴുവൻ വെട്ടിച്ചുകയറിയ നെയ്മറുടെ ഗോളെന്നുറപ്പായിരുന്ന ശ്രമം തന്റെ നീളമേറിയ കാലുകൾ ഉപയോഗിച്ച് തട്ടിയകറ്റുകയായിരുന്നു

45-ാം മിനിട്ട്

പത്ത് വാര മാത്രം അകലെനിന്ന് ഹെരേര തൊടുത്തഷോട്ട് കൈയിലൊതുക്കി.

71-ാം മിനിട്ട്

പോസ്റ്റിന് തൊട്ടടുത്തുനിന്ന് മാർഖ്വിഞ്ഞോസ് തൊടുത്ത ഷോട്ടാണ് അസാധാരണ മെയ്‌വഴക്കത്തോടെ തടുത്തത്.

74-ാം മിനിട്ട്

20 വാര അകലെനിന്നുള്ള നെയ്മറുടെ ഷോട്ടും സേവ് ചെയ്തു.

89-ാം മിനിട്ട്

റഫറി ഒാഫ് സൈഡ് വിളിച്ചെങ്കിലും എംബാപ്പെയുടെ ഒരു ആക്രമണം തടുക്കാൻ ന്യൂയർ കാട്ടിയ പരിശ്രമം അഭിനന്ദനാർഹമായിരുന്നു.

ന്യൂയറുടെ അസാധാരണമികവാണ് ഞങ്ങൾക്ക് കിരീടം നിഷേധിച്ചത്. ഗോൾ കീപ്പിംഗിനെ ന്യൂയർ വേറെ ലെവലിലേക്ക് മാറ്റിയിരിക്കുന്നു

- തൊമാസ് ടുഹേൽ

പാരീസ് കോച്ച്.