തിരുവനന്തപുരം: പ്രതിപക്ഷത്തിന് അവരിൽ തന്നെ അവിശ്വാസമുളളതു കൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. യുഡിഎഫിൽ ഘടകകക്ഷികൾക്കിടയിൽ ബന്ധം ശിഥിലമായി വരുന്നു. സർക്കാരിനെതിരെ പ്രചരണ കൊടുങ്കാറ്റ് അഴിച്ച് വിട്ട് ജനങ്ങളിൽ തെറ്രിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. വിശ്വാസയോഗ്യമായ
ഒന്നും അവർക്ക് അവതരിപ്പിക്കാനാകില്ല. യുഡിഎഫിലെ അണികളിൽ നിന്ന് നേതൃത്വത്തിൽ അവിശ്വാസം ഉണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി സഭയിൽ അഭിപ്രായപ്പെട്ടു.
ജനപിന്തുണയുടെ കാര്യം സഭയിൽ സംസാരിച്ചവർ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന പിന്തുണ നഷ്ടമാകുന്ന അവസ്ഥയാണ് യുഡിഎഫിന്. അവിടെയുളള അസ്വസ്ഥതകൾക്ക് മറയിടാനാണ് അവിശ്വാസം വന്നത്. ജനങ്ങളിൽ ഈ സർക്കാരിനോടുളള വിശ്വാസം വർദ്ധിച്ചുവെന്നും സർക്കാരിന്റെ ആരംഭത്തിൽ 91സീറ്രായിരുന്നത് ഇപ്പോൾ 93 ആയി എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ വിശ്വാസമർപ്പിക്കുന്നവരിൽ യുഡിഎഫിന് വിശ്വാസമില്ല. മറ്റൊരു തരത്തിൽ ജനങ്ങളിൽ അവർക്ക് വിശ്വാസമില്ല. തങ്ങളുടെ കാൽകീഴിൽ നിന്നും മണ്ണൊലിച്ച് പോകുന്നത് യുഡിഎഫിന് മനസിലാക്കണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. ഡൽഹി എഐസിസി ആസ്ഥാനത്ത് മറ്റൊരു അവിശ്വാസം ചർച്ച ചെയ്യുകയാണ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപി ഏജന്റുമാരാണ് എന്ന് പരസ്പരം വിശേഷിപ്പിക്കുന്ന നില വന്നിരിക്കുന്നു.സ്വന്തം നേതാക്കളെ തിരഞ്ഞെടുക്കാൻ കെൽപില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്.
രാജ്യം നേരിടുന്ന വിഷയങ്ങളിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല. ബിജെപിയുടെ സാമ്പത്തിക നിലപാട് എതിരെ എന്തെങ്കിലും നിലപാടെടുത്തോ? ബിജെപിയാകാൻ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്ന് കോൺഗ്രസ്. ഇത്ര പതനത്തിലെത്തിയ ഈ പാർട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കുമെന്നും അവിശ്വാസ പ്രമേയവുമായി ഇറങ്ങിത്തിരിച്ചതിലെ ഔചിത്യമില്ലായ്‌മ കോൺഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നൂറ് വർഷത്തേക്കെങ്കിലും ഇടത്പക്ഷം അധികാരത്തിൽ വരില്ല എന്ന് എൺപതുകളിൽ പറഞ്ഞവരാണിവർ. നാലാമത്തെ വട്ടമാണ് ഇപ്പോൾ അധികാരത്തിൽ വരുന്നത്. അവിശ്വാസത്തിനുതകുന്നതൊന്നും സർക്കാരിന്റെ കാലയളവിൽ ഉണ്ടായിട്ടില്ല. പല വികസന സൂചികയിലും കേരളം ശരാശരിക്ക് മുകളിലാണ്. പാർശ്വവൽകരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പ്രത്യേക പരിഹാരം വേണ്ടതാണ് ഇടത് പക്ഷത്തിന്റെ ഭാവനാ പൂർണമായ വികസന പദ്ധതികൾ നിശ്ചിത കാലയളവിനുളളിൽ തന്നെ നടപ്പിലാക്കി. വിവിധ പദ്ധതികളുടെ പുരോഗതികൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി ഇവ നാടൊന്നാകെ ഏറ്റെടുത്തു എന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല് വർഷം സംസ്ഥാനത്തിന് ഭേദപ്പെട്ട സാമ്പത്തിക വളർച്ച നേടാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് ഭരണകാലത്ത് സാമ്പത്തിക വളർച്ച വളരെ കുറവായിരുന്നു എന്ന് കണക്കുകൾ അവതരിപ്പിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്രം പൊതുമേഖലയെ വിറ്റഴിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാനം അവ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. എട്ട് ലക്ഷം തസ്‌തികകൾ കേന്ദ്രത്തിൽ ഒഴിഞ്ഞുകിടക്കുന്നു സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ നിയമനം നടന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ ക്ഷേമ പെൻഷൻ നൽകുന്നത് സംസ്ഥാനത്താണ്. ഞങ്ങൾ നിങ്ങളിലർപ്പിച്ച വിശ്വാസം നിങ്ങൾ നഷ്‌ടപ്പെടുത്തിയിട്ടില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി.