കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഫുട്ബാൾ ആദ്യം പുനരാരംഭിച്ചത് ജർമ്മനിയിലാണ്. പക്ഷേ അടച്ചിട്ട ഗ്രൗണ്ടുകൾക്ക് പുറത്ത് ഫുട്ബാൾ കാഴ്ചകളും കിരീടാഘോഷങ്ങളും കൊവിഡിന്റെ നിയന്ത്രണങ്ങൾക്കുള്ളിലായിരുന്നു. ബുണ്ടസ് ലിഗ കിരീടവും ജർമ്മൻ കപ്പുമെല്ലാം ലോക്ക്ഡൗണിന് ശേഷം ബയേണിലൂടെ മ്യൂണിക്കിലേക്കാണ് ഇത്തവണ വന്നത്. എന്നാൽ അപ്പോഴൊന്നുമില്ലാതിരുന്ന ആഘോഷത്തിന്റെ ആരവം ഇന്നലെ വീണ്ടും നഗരത്തിൽ അലയടിച്ചു. പ്രിയക്ളബ് യൂറോപ്പിലെ ഏറ്റവും വലിയ കിരീടം ഏറ്റുവാങ്ങിയപ്പോൾ ആഘോഷങ്ങളിൽ നിന്ന് ആരാധകരെ തടുക്കാൻ കൊവിഡിനും കഴിഞ്ഞില്ലെന്ന് പറയുന്നതാകും ശരി.
കൊവിഡ് ഭീതി വിതച്ചിരുന്ന ആദ്യ സമയങ്ങളിൽ ഒാരോ ജർമ്മൻ ഫുട്ബാൾ ആരാധകന്റെയും മനസിൽ ഉയർന്നിരുന്ന ആശങ്ക കാൽപ്പന്തുകളി പഴയതുപോലെ തിരികെവരുമോ എന്നതായിരുന്നു.ആ ആശങ്കകൾ അസ്തമിച്ചിരിക്കുന്നു എന്നതിന്റെ സൂചനകൂടിയാണ് ചാമ്പ്യൻസ് ലീഗിലെ വിജയാഘോഷം. കളി മാത്രമല്ല വൻകരയുടെ കിരീടം കൂടിയാണ് തിരികെവന്നിരിക്കുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് ബയേൺ ചാമ്പ്യൻസ് ലീഗ് നേടുന്നത്.
മേയ് പകുതിയോടെയാണ് ബുണ്ടസ് ലിഗ പുനരാരംഭിച്ചത്. യൂറോപ്പിലെ മറ്റ് ലീഗുകൾക്കെല്ലാം മാതൃകയായത് ബുണ്ടസ് ലിഗയായിരുന്നു. യൂറോപ്പിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡിൽ നിന്ന് വേഗം പൂർവസ്ഥിതി പ്രാപിക്കാൻ ശ്രമിക്കുന്നതും ജർമ്മനിയാണ്. കാണികൾക്ക് വേണ്ടി സ്റ്റേഡിയം തുറന്നുകൊടുക്കാൻ കൂടി കാത്തിരിക്കുകയാണ് ഇവിടുത്തെ ആരാധകർ. അടുത്ത സീസൺ ബുണ്ടസ് ലിഗയോടെ പരിമിതമായ രീതിയിലെങ്കിലും ഗാലറികൾ തങ്ങൾക്കായി തുറക്കുമെന്ന പ്രതീക്ഷയിലാണ് അവർ.