ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരുമെന്ന് തീരുമാനം. തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ഇങ്ങനെ തീരുമാനം വന്നത്. പാർട്ടിക്ക് മറ്റൊരു ദേശീയ അദ്ധ്യക്ഷനെ കണ്ടെത്തണമെന്ന് സോണിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.
ആറ് മാസത്തിന് ശേഷം എ.ഐ.സി.സി വിളിച്ചുചേർത്ത് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. താൻ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ നിലപാട് അറിയിച്ചിരുന്നുവെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിർബന്ധത്തെ തുടർന്ന് അവർ തത്‌സ്ഥാനത്ത് തുടരാൻ നിർബന്ധിതയാകുകയായിരുന്നു എന്നാണ് സൂചന.
പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സോണിയ തന്നെ കോൺഗ്രസിനെ നയിക്കണം എന്നതാണ് ഇവരുടെ നിലപാട്. പ്രത്യക്ഷ സാന്നിദ്ധ്യമുള്ള, ഒരു 'മുഴുവൻ സമയ' പാർട്ടി അദ്ധ്യക്ഷന്റെ ആവശ്യകതയെപ്പറ്റി ഒരു പക്ഷം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് സി.ഡബ്‌ള്യു.സി മീറ്റിംഗ് കൂടാനായി പാർട്ടി തീരുമാനിച്ചത്.
താൻ പാർട്ടി സ്ഥാനത്തുനിന്നും മാറിനിൽക്കാമെന്നും ഇത് സംബന്ധിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് താൻ വിശദമായ പ്രതികരണം നൽകിയിട്ടുണ്ടെന്നും സോണിയ ചർച്ചയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. മൻമോഹൻ സിംഗ്, എ.കെ ആന്റണി, തുടങ്ങിയ മുതിർന്ന നേതാക്കൾ സോണിയ പാർട്ടി അദ്ധ്യക്ഷയായി തുടരണമെന്ന നിലപാട് വ്യക്തമാക്കുകയും സോണിയ വേണുഗോപാലിന് നൽകിയ കത്തിനെ വിമർശിക്കുകയും ചെയ്തു.