h-h-holmes

ഡോ. ഹെൻറി ഹോവാർഡ് ഹോംസ് അഥവാ ' എച്ച്. എച്ച്. ഹോംസ് '... പേര് കേൾക്കുമ്പോൾ ഷെർലക് ഹോംസിനെയൊക്കയായിരിക്കും മനസിൽ വരിക. എന്നാലിയാൾ അമേരിക്കൻ കുറ്റാന്വേഷക ലോകത്തെ ' ഷെർലക് ഹോംസ് ' മാരെ പോലും അമ്പരപ്പിച്ച ഒരു സീരിയൽ കില്ലറാണ്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ സീരിയൽ കില്ലർമാരിൽ ഒരാൾ. അത്യാവശ്യം തട്ടിപ്പും വെട്ടിപ്പുമെല്ലാം നല്ലരീതിയിൽ അറിയാമായിരുന്ന ആളായിരുന്നു ഹോംസ്. തന്റെ ഇരകളെ കൊലപ്പെടുത്താൻ വേണ്ടി സ്വന്തമായി ഒരു ഹോട്ടലും പണിതു ഈ ഭീകരൻ.

അമേരിക്കയിലെ ന്യൂഹാംഷെയറിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ഹോംസിന്റെ ജനനം. 1884ൽ മെഡിസിനിൽ ബിരുദം നേടിയ ശേഷമാണ് ഹോംസ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കെത്തിയത്. ചികിത്സ തേടിയെത്തുന്ന രോഗികളുടെ പേരിൽ ഇൻഷ്വറൻസ് എടുത്ത ശേഷം അവരെ കൊലപ്പെടുത്തി ഇൻഷ്വറൻസ് തട്ടിയെടുക്കുന്നതിലൂടെയായിരുന്നു തുടക്കം. കൊച്ചു കുട്ടികളെ പോലും വെറുതെ വിട്ടില്ല. പിടിക്കപ്പെടാതിരിക്കാൻ ഇടയ്‌ക്കിടയ്‌ക്ക് പല നഗരങ്ങളിലേക്കും പേര് മാറ്റി താമസിച്ചിരുന്നു. ഇതിനിടെ ഹോംസ് മൂന്ന് തവണ വിവാഹിതനാവുകയും ചെയ്തു.

h-h-holmes

അങ്ങനെയിരിക്കെ 1886ൽ ഷിക്കാഗോയിലെത്തിയ ഹോംസ് ഈഗിൾവുഡിലെ ഒരു ഡ്രഗ് സ്‌റ്റോറിൽ ജോലിക്ക് പ്രവേശിച്ചു. പതിയെ ആ ഡ്രഗ് സ്റ്റോർ സ്വന്തമാക്കുകയും ചെയ്തു. ഇതിന് ശേഷം ഡ്രഗ് സ്റ്റോറിന്റെ യഥാർത്ഥ ഉടമകളെ ആരും കണ്ടിട്ടില്ല. ഇവരെ ഹോംസ് വകവരുത്തിയെന്നാണ് വിശ്വസിക്കുന്നത്. ഡ്രഗ് സ്റ്റോറിന് സമീപത്ത് ഹോംസ് ഒരു ഹോട്ടൽ പണിതു. 'വേൾഡ്സ് ഫെയർ ഹോട്ടൽ ' എന്ന ഈ ഹോട്ടൽ പിൻകാലത്ത് ' മർഡർ കാസിൽ ' എന്ന പേരിൽ പ്രസിദ്ധമായി. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഹോട്ടൽ ഒരുക്കിയിരുന്നത്. പുറത്ത് നിന്നും നോക്കുമ്പോൾ ഒന്നും തോന്നില്ലെങ്കിലും അകത്ത് കടന്നാൽ കഥ മാറും. ശരിക്കും ഒരു തേനിച്ച കൂട് പോലെ. വാതിലുകളിലും ജനലുകളിലും കെണികൾ മറഞ്ഞിരുന്നു. ഇരുണ്ട ഇടനാഴികളിലേക്ക് പ്രവേശിച്ചാൽ വഴിതെറ്റുമെന്നുറപ്പ്.

h-h-holmes

ഹോട്ടലിൽ താമസിക്കാനെത്തിയവരെ ക്ലോറോഫോം, വിഷവാതകം തുടങ്ങിയവ ഉപയോഗിച്ചും ക്രൂരമായി മർദ്ദിച്ചും ഹോംസ് കൊലപ്പെടുത്തി. കാൽസ്യം ഓക്സൈഡും ആസിഡുകളും നിറച്ച ഒരു നിലവറ കെട്ടിടത്തിലുണ്ടായിരുന്നു. ഇവിടേക്കാണ് ഹോംസ് താൻ കൊന്നവരുടെ മൃതദേഹങ്ങൾ തള്ളിയിരുന്നത്. കൊല്ലപ്പെട്ട ചിലരുടെ അസ്ഥികൂടങ്ങൾ ഹോംസ് വിൽക്കുകയും ചെയ്തിരുന്നു. ഒടുവിൽ സുഹൃത്തായ ബെഞ്ചമിൻ പിറ്റ്സെലിന്റെ കൊലപാതകത്തിലൂടെ ഹോംസ് പിടിക്കപ്പെട്ടു. വിചാരണയ്‌ക്കിടയാണ് ഇയാൾ മുമ്പ് ചെയ്‌തിട്ടുള്ള കുറ്റകൃത്യങ്ങൾ ഓരോന്നായി പുറത്ത് വന്നത്. പിടിക്കപ്പെട്ടപ്പോൾ 27 കൊലപാതകങ്ങൾ ചെയ്‌തതായി ഹോംസ് സമ്മതിച്ചു. ഇതിൽ 9 എണ്ണം തെളിയിക്കപ്പെട്ടു. 200 ഓളം പേരെ ഹോംസ് വകവരുത്തിയിരിക്കാമെന്നാണ് അന്വേഷണോദ്യഗസ്ഥരുടെ നിഗമനം. എന്നാൽ ഇതിന് വ്യക്തമായ തെളിവുകൾ ഇല്ല. 1896 മേയ് ഏഴിന് 35ാം പിറന്നാളിന് 9 ദിവസം ബാക്കി നിൽക്കെയാണ് ഹോംസിനെ തൂക്കിലേറ്റിയത്.