rawat

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്.

ലഡാക്ക് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുസൈന്യവും തമ്മിലുള്ള ചർച്ചയും നയതന്ത്ര ദൗത്യങ്ങളും പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ഇന്ത്യാ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികൾ ആലോചനയിലുണ്ട്. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ദൗർബല്യമായി കാണരുതെന്നും പാംഗോംഗ് മേഖലയിൽ നിന്നും പിന്മാറാത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടി റാവത്ത് പറഞ്ഞു.

'ലഡാക്ക് നിയന്ത്രണ രേഖയിലെ തത്‌സ്ഥിതി നിലനിറുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാൽ സൈനിക നടപടിയല്ലാതെ മറ്റ് മാർഗമില്ല. തത്‌സ്ഥിതി നിലനിറുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സാധ്യതകളും ആരായുന്നുണ്ട്.

കഴിഞ്ഞ നാല് വർഷമായി അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നമ്മൾ ആഗ്രഹിച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷമുണ്ടാകുന്നത് കൃത്യമായി അതിർത്തി നിർണയിക്കാൻ സാധിക്കാത്തതിനാലാണ്. കൃത്യമായ അതിർത്തി നിർണയിക്കാൻ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ പ്രശ്ന പരിഹാരത്തിന്

ചർച്ചകളാണ് ഉചിതം. തത്‌സ്ഥിതി പുനഃസ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയ്യാർ. പ്രതികൂല കാലാവസ്ഥയിലും നിയന്ത്രണ രേഖയിൽ സ്ഥാനം ഉറപ്പിക്കാൻ സൈന്യത്തിന് കഴിയുമെന്നും ജനറൽ റാവത്ത് പറഞ്ഞു. അതിർത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള മാർഗങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ മുന്നിലുണ്ട്. അവയിൽ ഏതൊക്കെ പരിഗണിക്കുമെന്ന് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

അതിർത്തി സംഘർഷം പരിഹരിക്കുന്നതിൽ ചൈനീസ് സൈന്യം എടുക്കുന്ന നടപടികൾ ഗൗരവതരമല്ലെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു. യഥാർത്ഥ നിയന്ത്രണരേഖയിലെ തൽസ്ഥിതി സ്ഥിരമായി മാറ്റുന്നത് സമീപ ഭാവിയിലൊന്നും തന്നെ അതിർത്തി തർക്കം രമ്യമായി പരിഹരിക്കാൻ ചൈനയ്ക്ക് താത്പര്യമില്ലെന്നതിന്റെ സൂചനയായാണ് ഇന്ത്യൻ സേന വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സൈനിക നീക്കത്തെക്കുറിച്ചുള്ള സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന രാജ്യാന്തരതലത്തിൽ ചർച്ചയാകുന്നതും.