cm-pinarayi-vijayan

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യ പ്രമേയം അവതരിപ്പിച്ച സർക്കാർ കേരളത്തിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മതത്തിന്റെ പേരിൽ പൗരത്വത്തിന്റെ കാര്യത്തിൽ വിവേചനം വരുത്തുന്നതിനെ ധീരമായി ചോദ്യം ചെയ്ത സംസ്ഥാനം നമ്മുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിലെ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ പറഞ്ഞത്.

വർഗീയ കലാപങ്ങളില്ലാത്ത, സമുദായ സൗഹാർദമുള്ള നാടായി നമ്മുടെ കേരളത്തെ സർക്കാർ നിലനിർത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് അവിശ്വാസമുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നേരിടുന്ന വിഷയങ്ങളിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല. മുഖ്യമന്ത്രി പറയുന്നു.

ബിജെപിയുടെ സാമ്പത്തിക നിലപാട് എതിരെ എന്തെങ്കിലും നിലപാടെടുത്തോ?​ ബിജെപിയാകാൻ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്ന് കോൺഗ്രസ്. ഇത്ര പതനത്തിലെത്തിയ ഈ പാർട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കുമെന്നും അവിശ്വാസ പ്രമേയവുമായി ഇറങ്ങിത്തിരിച്ചതിലെ ഔചിത്യമില്ലായ്‌മ കോൺഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങൾ വിശ്വാസമർപ്പിക്കുന്നവരിൽ യുഡിഎഫിന് വിശ്വാസമില്ല. മറ്റൊരു തരത്തിൽ ജനങ്ങളിൽ അവർക്ക് വിശ്വാസമില്ല. തങ്ങളുടെ കാൽകീഴിൽ നിന്നും മണ്ണൊലിച്ച് പോകുന്നത് യുഡിഎഫിന് മനസിലാക്കണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.