karate

ചെന്നൈ: മുപ്പതുകാരിയായ വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച 'കഷായധാരിക്ക്' കണക്കിന് കിട്ടി. നാട്ടുകാരല്ല, വിദേശവനിത തന്നെയാണ് 34കാരനായ പീഡനവീരനെ 'കൈകാര്യം' ചെയ്തത്.

യുവതി സുന്ദരിമാത്രമല്ല, കരാട്ടെക്കാരികൂടിയാണെന്ന് തല്ലുകിട്ടിക്കഴിഞ്ഞാണ് 'പീഡന സ്വാമിക്ക്' ബോദ്ധ്യമായത്.

ക്ഷേത്ര നഗരമായ തിരുവണ്ണാമലൈയിലാണ് സംഭവം.

മാർച്ച് മാസത്തിലാണ് അമേരിക്കൻ സ്വദേശിയായ യുവതി തിരുവണ്ണാമലൈയിലുള്ള രമണ മഹർഷിയുടെ ആശ്രമവും അരുണാചലേശ്വര ക്ഷേത്രവും സന്ദർശിക്കാനെത്തിയത്. കൊവിഡ് ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ യുവതി ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഗിരിവലം സ്ട്രീറ്റിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് തനിച്ച് താമസിച്ച് വരികയായിരുന്നു. ഇതിന്റെ പരിസരത്ത് താമസിക്കുന്ന നാമക്കൽ സ്വദേശിയായ മണികണ്ഠൻ, നേരത്തെ വിദേശവനിതയെ നോട്ടമിട്ടിരുന്നു. ആളൊഴിഞ്ഞ നേരത്ത് സ്വന്തം വാടകവീട്ടിന് പുറത്ത് നിൽക്കുമ്പോഴാണ്, കാഷായ വേഷവും രുദ്രാക്ഷമാലയും ധരിച്ചെത്തിയ യുവാവ്, വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, ആയോധനകലയിൽ ഉന്നത പരിശീലനം നേടിയിട്ടുള്ളയാളാണ് ആ അമേരിക്കൻ യുവതിയെന്ന് അക്രമിക്ക് അറിയില്ലായിരുന്നു. തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മണികണ്ഠനെ കൈവശം സൂക്ഷിച്ചിരുന്ന കത്തിവീശി യുവതി പരിക്കേൽപ്പിച്ചു. അതിനു ശേഷം അയാളെ ഇടിച്ചു തറപറ്റിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി അയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. മല്പിടുത്തത്തിനിടെ ചെറിയ പരിക്കുകൾ പറ്റിയ യുവതിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാടുചുറ്റി അമ്പലങ്ങളിൽ ദർശനം നടത്തിക്കൊണ്ടിരിക്കുന്ന മണികണ്ഠൻ കഴിഞ്ഞ ആറുമാസമായി തിരുവണ്ണാമലൈയിൽ

താമസിക്കുകയായിരുന്നു.