donald-trump-

വാഷിംഗ്ടൺ : നാല് ദിവസം നീണ്ട ഡെമോക്രാറ്റിക് കൺവെൻഷനിൽ ഉയർന്ന വിമർശനങ്ങൾക്കെല്ലാം മറുപടി നൽകാനുള്ള തന്ത്രങ്ങളും ഷോമാൻ സ്പിരിറ്റുമായി തയാറായിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് മുതൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷൻ തുടങ്ങുകയാണ്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനപ്പുറം താൻ രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്തെന്ന് ഊന്നിപ്പറഞ്ഞ് രണ്ടാം വട്ടവും ഓവൽ ഓഫീസിൽ ഭരണത്തുടർച്ച നേടിയെടുക്കാനൊരുങ്ങുകയാണ് ട്രംപ്. നിലവിൽ കൊവിഡ് തന്നെയാണ് ട്രംപിന് മുന്നിലെ പ്രധാന വെല്ലുവിളി. കൊവിഡിനെതിരെ രാജ്യത്തെ സജ്ജമാക്കാതിരുന്നതിന്റെ പേരിലും സാമ്പത്തിക തകർച്ചയെ ചൊല്ലിയും വിവിധ ഭാഗങ്ങളിൽ നിന്നും ട്രംപിനെതിര കടുത്ത അമർഷം ഉയരുന്നുണ്ട്. അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെക്കാൾ പിന്നിലുമാണ് ട്രംപ്.

എന്നാൽ 2016ൽ സംഭവിച്ചതുപോലെ അത്ഭുതകരമായ വിജയം ആവർത്തിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. ഔദ്യോഗികമായി പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെടുന്ന കൺവെൻഷൻ വേദി തന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് ട്രംപ് കരുതുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൺവെൻഷൻ ഓൺലൈനായാണ് നടക്കുക. ഓൺലൈൻ നടന്നിട്ടും വളരെ വലിയ സ്വീകാര്യതയാണ് കഴിഞ്ഞാഴ്ച നടന്ന ഡെമോക്രാറ്റിക് കൺവെൻഷന് ലഭിച്ചത്. ഇതിനെ കടത്തിവെട്ടുന്ന പ്രകടനമാണ് റിപ്പബ്ലിക്കൻമാർ ലക്ഷ്യമിടുന്നത്. നാല് ദിവസം നീണ്ടു നില്ക്കുന്ന കൺവെൻഷനിൽ അവസാനരാത്രിയിൽ മാത്രം സ്ഥാനാർത്ഥി സജീവമാകുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്ഥമായി ഈ നാല് ദിവസവും ട്രംപ് കൺവെൻഷനിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയേക്കും. ട്രംപിന്റെ ഭരണകാലയളവിൽ വൈറ്റ്ഹൗസിൽ അസാധാരണാമാം വിധം സ്വാധീനം ഉറപ്പിച്ചിരുന്ന ഭാര്യ മെലാനിയ, മകൾ ഇവാൻക, മരുമകൻ ജറേദ് കുഷ്നർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും കൺവെൻഷനിൽ ഉറപ്പാണ്.

പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രസംഗം ചൊവ്വാഴ്ച റോസ് ഗാർഡനിൽ നടക്കും. ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക, മരുമകൾ ലാറാ ട്രംപ് എന്നിവരും അന്നേ ദിവസം സംസാരിക്കും. റിപ്പബ്ലിക്കൻ പ്രതിനിധികളുടെ മീറ്റിംഗോടെ നോർത്ത് കാരലീനയിലെ ഷാർലെറ്റിൽ ആരംഭിക്കുന്ന കൺവെൻഷനിൽ ട്രംപിന്റെ പ്രസംഗമുണ്ടാകും. കൺവെൻഷന്റെ അവസാനദിനമായ വ്യാഴാഴ്ച വൈറ്റ്ഹൗസിൽ വച്ചാണ് ട്രംപ് പ്രസംഗം നടത്തുക. താൻ പ്രകാശത്തിന്റെ തോഴനാണെന്നാണ് കഴിഞ്ഞാഴ്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡൻ പറഞ്ഞത്. ട്രംപ് ഭരണത്തെ ഇരുണ്ട അദ്ധ്യായമെന്നായിരുന്നു ബൈഡൻ വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം പ്രസ്ഥാവനകളെ അട്ടിമറിച്ച് വാക്കുകൾകൊണ്ട് കൺവെൻഷനെ കയ്യിലെടുക്കാൻ വർഷങ്ങളായി ടെലിവിഷൻ - സെലിബ്രിറ്റി രംഗങ്ങളിൽ സജീവമായിരുന്ന ട്രംപിന് വലിയ പ്രയാസമില്ല.

എന്നാൽ പതിവ് പോലെ തനിക്ക് ഇഷ്ടമല്ലാത്തവരെ പരസ്യമായി അപമാനിക്കുകയും മാദ്ധ്യമ പ്രവർത്തകരെ മോശമായി ചിത്രീകരിക്കുകയും ഡെമോക്രാറ്റിക് നേതാക്കൻമാരോട് സംസാരിച്ച് നിൽക്കാൻ സാധിക്കാത്തതും ബ്ലാക്ക് ലീവ്സ് മാറ്ററും ഒപ്പം വിഢിത്തം നിറഞ്ഞ പ്രസ്ഥാവനകളും അത്ര പെട്ടെന്നൊന്നും ട്രംപിന് മായ്ച്ചു കളയാനാകില്ല. അതിന് ട്രംപ് കുറേയധികം വിയർക്കേണ്ടി വരും. കൊവിഡിൽ നടുങ്ങി നിൽക്കുന്ന രാജ്യത്തെ പുനഃരുജ്ജീവിപ്പിക്കുകയെന്ന അജണ്ടയാണ് ഡെമോക്രാറ്റുകൾ നാല് ദിവസവും ഉയർത്തിക്കാട്ടിയത്. എന്നാൽ ഡെമോക്രാറ്റുകൾ അമേരിക്കയെ വംശീയമായി വേർതിരിച്ച് ആക്രമണം നടത്തുകയാണ് ചെയ്തതെന്നാണ് ട്രംപ് പറയുന്നത്. ജോ ബൈഡൻ ഇപ്പോൾ ഇരുൾ നിറഞ്ഞ അമേരിക്കയെ ആണ് കാണുന്നതെങ്കിൽ താൻ അമേരിക്കയുടെ മഹത്വമാണ് കാണുന്നതെന്നും ഡെമോക്രാറ്റിക് കൺവെൻഷൻ ജനങ്ങളിൽ നെഗറ്റീവായ സന്ദേശങ്ങളാണ് പ്രചരിപ്പിച്ചതെന്നും എന്നാൽ താൻ വളരെ പോസിറ്റീവ് ആയിരിക്കുമെന്നും ട്രംപ് പറയുന്നു. രാജ്യവ്യാപകമായ അടച്ചുപൂട്ടലിലൂടെ തകിടം മറഞ്ഞ സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കുമെന്നതിനാകും ട്രംപ് കൺവെൻഷനിൽ ഊന്നൽ നൽകുക.