പമ്പ:കൊവിഡിനെ തുടർന്ന് ശബരിമലയിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാതായതോടെ ജനസഞ്ചാരമില്ലാതായ പാതകൾ കാട് മൂടി, കരിയിലകൾ നിറഞ്ഞു. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിന്ന് സന്നിധാനത്തെത്തുന്ന പാതകളാണ് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഭക്തരുടെ വരവില്ലാതെ കാട് മൂടിയത്. അഴുതക്കടവിൽ നിന്ന് സന്നിധാനത്തേക്കുളള കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴിയുള്ള പരമ്പരാഗത കാനനപാതയും കരിയിലയും കാട്ട് ചെടികളും നിറഞ്ഞു കഴിഞ്ഞു
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്ന മാർച്ച് മാസത്തിലായിരുന്നു ശബരിമല ഉത്സവ ചടങ്ങുകൾ നടക്കേണ്ടിയിരുന്നത്. ഇത് ജൂണിലേക്ക് മാറ്റിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അന്നും നടത്തിയില്ല. ശബരിമലയിൽ മണ്ഡല -
മകരവിളക്ക് കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തരെത്തുന്ന സീസണാണ് വിഷുക്കാലം. ലോക്ക് ഡൗൺ നീണ്ടതോടെ വിഷുദർശനവും ഇത്തവണ ഉണ്ടായില്ല. മലയാള മാസങ്ങളിലെ ആദ്യ അഞ്ച് ദിനങ്ങളിലെ ദർശനത്തിനൊപ്പം നിറപുത്തരിയും ചടങ്ങിലൊതുങ്ങിയതോടെ കരിമലയിലും നീലിമലയിലുമെല്ലാം അയ്യപ്പഭക്തൻമാരുടെ പാദസ്പർശമേറ്റിട്ട് നാളേറെയായി.
പതിവിൽ നിന്ന് വ്യത്യസ്തമായി മാസങ്ങളായി മനുഷ്യസഞ്ചാരമില്ലാതായതോടെ ശബരിമലയിലേക്കുള്ള പാതകളിൽ കാട്ടുചെടികൾ നിറഞ്ഞു. ഇവിടങ്ങളിൽ ആനയും പുലിയുമെല്ലാം ഇറങ്ങി തുടങ്ങി. കഴിഞ്ഞ ഒരുമാസമായി പമ്പ- സന്നിധാനം റോഡിൽ കാട്ടാനക്കൂട്ടം ധാരാളമായി പ്രത്യക്ഷപ്പെടുന്നതായി പമ്പ ഫോറസ്റ്റുദ്യോഗസ്ഥർ പറയുന്നു. പുലിയും മറ്റ് വന്യജീവികളും ഉൾക്കാടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിന്റെ സൂചനകളും വനപാലകർക്കുണ്ട്.
കാലവർഷകാലത്ത് കാറ്റിലും മഴയിലും കാട്ടുമരങ്ങൾ കടപുഴകി പാതകൾക്ക് കുറുകെ കിടക്കുന്നുണ്ട്. മലയും പാറകളും ഇടിഞ്ഞുവീണും യാത്ര പലയിടത്തും തടസപ്പെട്ട നിലയിലാണ്.
നടപ്പാതയുടെ വശങ്ങളിലുണ്ടായിരുന്ന വിശ്രമ കേന്ദ്രങ്ങളെല്ലാം കാട് മൂടിക്കഴിഞ്ഞു. ടോയ്ലറ്റുകളും ഉപയോഗ ശൂന്യമായി. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പൂജാസാധനങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റുമായി ട്രാക്ടറുകളും വാഹനങ്ങളും കടന്നുപോകുന്ന സ്വാമി അയ്യപ്പൻ റോഡിലാണ് കുറച്ചെങ്കിലും യാത്ര സാദ്ധ്യമാകുക. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും വനപാലകരും ഇതുവഴിയാണ് പോകുന്നത്. പമ്പയിൽ നിന്നുള്ള പാതയ്ക്ക് പുറമേ എരുമേലിയിൽ പേരൂർത്തോട്, കോയിക്കൽ കാവ്, കാളകെട്ടിയമ്പലം, അഴുതക്കടവ്, കരിമല വഴി പമ്പയ്ക്കുള്ള പാതയും ഇതേ നിലയിൽ കാട് മൂടിയതായി എരുമേലിയിലെ ഫോറസ്റ്ര് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. കൊവിഡ് ഭേദമായി വരുന്ന മണ്ഡലകാലത്ത് ദർശനം അനുവദിച്ചാൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പാതകൾ തെളിച്ചാലേ ഭക്തർക്ക് ശബരിമല ദർശനം സാദ്ധ്യമാകൂ.