കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വിധി വൈകുന്നതിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയിൽ. കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഒമ്പത് മാസമായിട്ടും വിധി ഇല്ല. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. വീണ്ടും വാദം കേട്ട് വിധി പറയണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിക്കും.
കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറിയത്. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണത്തിനും തടസ്സമില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.