ഇടുക്കി: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അവിവാഹിതയായ അമ്മ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിന്റെ ശുചി മുറിയിൽ വച്ച് യുവതി കുഞ്ഞിനെ പ്രസവിച്ചത്. ഉച്ചയോടെ യുവതിയുടെ വീട്ടുകാർ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡൻ പോലും വിവരമറിയുന്നത്. യുവതി ഗർഭിണിയായിരുന്ന വിവരം ഹോസ്റ്റൽ അന്തേവാസികൾക്ക് അറിയുമായിരുന്നില്ല.
തനിക്ക് വയറുവേദന ഉണ്ടെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. പ്രസവം നടന്നയുടനെ കുട്ടിയെയും അമ്മയെയും ഹോസ്റ്റൽ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയും പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. കൊണ്ടുവരുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്തത്.
പോസ്റ്റുമോർത്തിലൂടെയാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന് തലയ്ക്ക് പരിക്കുള്ളതായും ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ അറസ്റ്റ് രേഖപ്പെടുത്തും.