imran-khan

ലാഹോർ: 'ഭീകരവാദ രാഷ്ട്രം' എന്ന അപകീർത്തി ഒഴിവാക്കാനും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ 'ഗ്രേ ലിസ്റ്റി'ൽ നിന്നും മുക്തി നേടാനായി 88 ഭീകരവാദികൾക്ക് മേൽ നിരോധനം ഏർപ്പെടുത്തിയ ശേഷം ഭീകരവാദികളെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാൻ. അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ചർച്ചയിലേക്കാണ് പാകിസ്ഥാൻ ഭീകര സംഘടനയായ താലിബാനെ ക്ഷണിച്ചിരിക്കുന്നത്.

യു.എൻ രക്ഷാസമിതി നൽകിയ പട്ടിക അനുസരിച്ചാണ് പാകിസ്ഥാൻ 88 ഭീകരർക്ക് മേൽ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ പാകിസ്ഥാൻ ഫോറിൻ ഓഫീസ് യു.എന്നിന്റെ പട്ടിക അടിസ്ഥാനമാക്കി പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയവരിൽ താലിബാൻ സഹസ്ഥാപകൻ മുല്ല അബ്‌ദുൾ ഘാനി ബറാദർ, ഹക്കാനി ഭീകരശൃംഖലയിൽ പെടുന്ന ഭീകരവാദികൾ എന്നിവർ ഉൾപ്പെടുന്നു എന്നതാണ് വിരോധാഭാസം.

അതുകൊണ്ടുതന്നെ അഫ്ഗാൻ സമാധാന ശ്രമം എന്ന പേരിൽ ഇപ്പോൾ നടത്തുന്ന ഈ നീക്കം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പാകിസ്ഥാന്റെ ഉദ്ദേശ ശുദ്ധിക്കുമേൽ സംശയനിഴൽ വീഴ്ത്തുന്നതുമാണ്.

കഴിഞ്ഞ ആഗസ്റ്റ് 22നാണ് പാകിസ്ഥാൻ യു.എൻ രക്ഷാസമിതിയുടെ ഭീകരർക്ക് മേലുള്ള ഉപരോധം നടപ്പിൽ വരുത്താൻ തീരുമാനമെടുത്തത്. ലഷ്കർ ഇ തയ്ബ സ്ഥാപകൻ ഹാഫിസ് സയ്ദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവർ രക്ഷാസമിതിയുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

എന്നാൽ പാകിസ്ഥാന്റെ പെട്ടെന്നുള്ള ഈ നീക്കം ഭീകവാദ പ്രവർത്തനങ്ങൾക്കായുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നവർക്കെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ എഫ്.എ.ടി.എഫിന്റെ (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ്) 'ഗ്രേ ലിസ്റ്റി'ൽ നിന്നും ഒഴിവാക്കപ്പെടാൻ വേണ്ടിയുള്ളതാണെന്ന് പരക്കെ സംശയം ഉയർന്നിരുന്നു.

ഇക്കാര്യത്തിലെ പാകിസ്ഥാന്റെ നിലപാടിൽ മാറ്റം വന്നോ എന്ന് പരിശോധിക്കാനായി എഫ്.എ.ടി.എഫ് ഒക്ടോബറിൽ കണക്കെടുപ്പും നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് പാകിസ്താന്റെ പുതിയ നീക്കം എന്നാണ് അനുമാനം. ഭീകരരെ പാകിസ്ഥാൻ സാമ്പത്തികമായി സഹായിക്കുന്നുണ്ട് എന്ന് കണ്ടാണ് എഫ്.എ.ടി.എഫ് രാജ്യത്തെ 'ഗ്രേ ലിസ്റ്റി'ൽ പെടുത്തിയത്.