un

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി. സുശാന്ത് മരിക്കുന്ന ദിവസം ദുബായ് ഡ്രഗ് ഡീലർ അയാഷ് ഖാനുമായി കണ്ടുമുട്ടിയിരുന്നുവെന്ന് സ്വാമി ട്വീറ്റ് ചെയ്തു.

സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് തറപ്പിച്ചു പറഞ്ഞ സ്വാമി ഇതാദ്യമായാണ് കള്ളക്കടത്തുകാരനായ അയാഷ് ഖാന്റെ പേരെടുത്ത് പറയുന്നത്.

'സുനന്ദ പുഷ്കർ കേസിൽ വിശദമായ പോസ്റ്റ്മോർട്ടം നടത്തിയതിനാലാണ് അവരുടെ വയറ്റിൽ നിന്ന് മരുന്നുകൾ കണ്ടെത്താൻ എയിംസിലെ ഡോക്ടർമാർക്ക് കഴിഞ്ഞത്. എന്നാൽ ഇതുപോലൊരു പോസ്റ്റ്മോർട്ടം നടി ശ്രീദേവിക്കും സുശാന്തിനും നിഷേധിച്ചു. സുശാന്തിന്റെ മരണദിവസം കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരൻ അയാഷ് ഖാൻ കാണാനെത്തിയിരുന്നു. എന്തിന്? " - സ്വാമി ട്വീറ്റ് ചെയ്തു. ഇതോടെ സുശാന്തിന്റെ മരണത്തിൽ കള്ളക്കടത്ത് - മയക്കുമരുന്ന് മാഫിയകൾക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് ശക്തിയേറിയിരിക്കയാണ്.

സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രം വീട്ടുകാർക്കോ ബന്ധുക്കൾക്കോ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സ്വാമി ആദ്യം രംഗത്തു വന്നത്. മൃതദേഹത്തിന്റെ ഒരു ചിത്രം പോലും അധികാരികളുടെ പക്കലുമില്ലെന്നും ഇതിൽ നിന്ന് അത് സാധാരണ മരണമല്ലെന്ന് വ്യക്തമാണെന്നും സ്വാമി ആരോപിച്ചിരുന്നു. എന്നാൽ, സ്വാമിയുടെ വാദങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എല്ലാവരും സി.ബി.ഐ ഉൾപ്പെടെ സുശാന്തിന്റെ അച്ഛന്റെ പരാതിക്കും മരണത്തിൽ നടി റിയയ്ക്കുള്ള പങ്കിനും പിന്നാലെയായിരുന്നു.