തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് നിയമസഭ തള്ളി. 40 നിയമസഭാംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ എതിർത്തത് 87 എം.എൽ.എമാരാണ്. അവിശ്വാസ പ്രമേയം തള്ളിയ ശേഷം നിയമസഭാ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
അവിശ്വാസ പ്രമേയത്തിൽ നിന്നും കേരള കോൺഗ്രസ്(എം) ജോസ് വിഭാഗം വിട്ടുനിന്നു. വി.ഡി സതീശനാണ് സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പത്ത് മണിക്കൂറോളം നീണ്ട അവിശ്വാസ പ്രമേയ ചർച്ചകളിൽ മറുപടി പ്രസംഗത്തിനായി മുഖ്യമന്ത്രി നാല് മണിക്കൂറാണ് എടുത്തത്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയും സർക്കാരിനെതിരായി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. സ്പീക്കർക്കെതിരായ പ്രമേയം ചർച്ചയ്‌ക്കെടുക്കാത്തതിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി.
വിമാനത്തലവള വിഷയത്തിലുള്ള കേന്ദ്ര സർക്കാരിനെതിരായ പ്രമേയം സഭ പാസാക്കി. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. അവിശ്വാസ പ്രമേയ ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്പോരും ഉണ്ടായി.