ബെർലിൻ : റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയ്ക്ക് വിഷം കൊടുത്തത് തന്നെയെന്ന് ഡോക്ടർ. ജർമനിയിൽ അലക്സിയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ഉള്ളിൽ വിഷം ചെന്നതായി പരിശോധന ഫലങ്ങളിൽ സൂചിപ്പിക്കുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്. 'കോളിനെസ്‌റ്റെറസ് ഇൻഹിബിറ്റർ' വിഭാഗത്തിൽപ്പെടുന്ന ഒരു രാസപദാർത്ഥമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിമർശകനായ അലക്സിയുടെ ഉള്ളിലെത്തിയതെന്ന് ബെർലിനിലെ ചാരിറ്റി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് സൈബീരിയൻ നഗരമായ ഓംസ്കിൽ നിന്നും അലക്സിയെ ജർമനിയിലെത്തിച്ചത്.
അദ്ദേഹമിപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കോമയിൽ കഴിയുകയാണ്. അലക്സിയുടെ നില ഗുരുതരമാണെങ്കിലും നിലവിൽ ജീവന് അപകടഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതേ സമയം, അലക്സിയ്ക്ക് നൽകിയ വിഷപദാർത്ഥം ഏതാണെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞാഴ്ച സൈബീരിയയിലെ ടോംസ്ക് നഗരത്തിൽ നിന്നും മോസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ച ശേഷമാണ് 44 കാരനായ അലക്സി വിഷബാധയേറ്റ് അബോധാവസ്ഥയിലായത്. അലക്സിയെ ആദ്യം ചികിത്സിച്ച സൈബീരിയൻ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന് വിഷബാധയേറ്റതായുള്ള ആരോപണങ്ങൾ തള്ളിയിരുന്നു. എന്നാൽ ഈ ഡോക്ടർമാരെ തങ്ങൾക്ക് വിശ്വസിക്കാനാവില്ലെന്ന് അലക്സിയുടെ ഭാര്യ വെളിപ്പെടുത്തിയിരുന്നു.