ആരോപണങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് പ്രതിപക്ഷം
മൂന്നേ മുക്കാൽ മണിക്കൂർ പ്രസംഗിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണ- പ്രതിപക്ഷങ്ങൾ ആരോപണ- പ്രത്യാരോപണങ്ങളിലൂടെ പത്തര മണിക്കൂറോളം കൊമ്പുകോർത്തതിനൊടുവിൽ പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസപ്രമേയം നിയമസഭ വോട്ടിനിട്ട് തള്ളി. 40നെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.
അഞ്ച് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചതെങ്കിലും രാവിലെ 10.45ന് ആരംഭിച്ച ചർച്ച അവസാനിച്ചത് രാത്രി 9.25ന്. ഇതിൽ മൂന്നേ മുക്കാൽ മണിക്കൂറും അപഹരിച്ചത് മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗം. പ്രസംഗം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ, ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി തരുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതിനെ നേരിട്ട ഭരണപക്ഷ അംഗങ്ങൾ തിരിച്ചും മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷപ്രതിഷേധം സൃഷ്ടിച്ച ബഹളത്തിനിടെ മറുപടിപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി, ജനങ്ങളും നാടും സർക്കാരിനെ അറിയുമെന്നും ബഹളമുണ്ടാക്കുന്ന ഇവരെയും ജനങ്ങൾ അറിയുമെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി നീളുമ്പോഴും തങ്ങളുന്നയിച്ച ആരോപണങ്ങളെ അദ്ദേഹം സ്പർശിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. അവിശ്വാസപ്രമേയത്തെ തനിക്കുള്ള വിശ്വാസപ്രമേയമാക്കി മാറ്റാൻ ശ്രമിച്ച മുഖ്യമന്ത്രി നാലര വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ട് നിരത്തിയും പ്രതിപക്ഷത്തിന് നേർക്ക് വിമർശനമുയർത്തിയുമാണ് പ്രസംഗത്തെ മുന്നോട്ട് നയിച്ചത്.
അവിശ്വാസപ്രമേയ നോട്ടീസ് നൽകി സംസാരിച്ച വി.ഡി. സതീശൻ തൊട്ട് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ചവരെല്ലാം സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചു. ഭരണപക്ഷത്ത് നിന്ന് സംസാരിച്ചവർ അതിന് മറുപടി പറയാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് അത്തരമൊരു നീക്കമുണ്ടായില്ല. ലൈഫ് മിഷൻ ഭവനസമുച്ചയ പദ്ധതിയിലെ കമ്മിഷൻ ഇടപാട് ആരോപണത്തെ അവഗണിച്ച അദ്ദേഹം കഴിഞ്ഞദിവസം വരെയും തുടർന്നുവന്ന മറുപടികൾ തന്നെയാണ് ആവർത്തിച്ചത്. കോൺഗ്രസ്- ബി.ജെ.പി ബാന്ധവം ആരോപിച്ച് പ്രതിപക്ഷ ആക്രമണത്തിന് തടയിടാനുള്ള ശ്രമം നടത്തിയ മുഖ്യമന്ത്രി കോൺഗ്രസിലെയും യു.ഡി.എഫിലെയും ആഭ്യന്തരകലഹങ്ങളെ ചൂണ്ടിക്കാട്ടിയും പ്രതിപക്ഷത്തെ വിമർശിച്ചു.
അവിശ്വാസപ്രമേയ ചർച്ചയ്ക്കിടയിലും സഭാതലം പലപ്പോഴും സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. സ്പീക്കറുടെ സമയോചിത ഇടപെടലിലൂടെയാണ് കാര്യങ്ങളെ നിയന്ത്രിച്ചത്.
പിണറായി വിജയൻ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് വി.ഡി. സതീശൻ ഉന്നയിച്ചത്. പ്രതിപക്ഷനേതാവുൾപ്പെടെ പുതിയ അഴിമതിയാരോപണങ്ങൾ സർക്കാരിനെതിരെ ഉയർത്തിയപ്പോൾ സി.പി.എം അംഗങ്ങൾ തിരിച്ചും ആരോപണങ്ങളുയർത്തി.
ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഇ-മൊബിലിറ്റി, സ്പ്രിൻക്ലർ, കൺസൾട്ടൻസി ഇടപാടുകൾ തുടങ്ങി ആരോപണങ്ങളെല്ലാം സഭയ്ക്കകത്തും പ്രതിപക്ഷം ആവർത്തിച്ചു. എന്നാൽ, സർക്കാരിന്റെ വികസനനേട്ടങ്ങളും പ്രോഗ്രസ് കാർഡ് അവതരണങ്ങളുമടക്കം ഓർമ്മിപ്പിച്ച്, ഇതിനാണോ അവിശ്വാസം എന്ന് ചോദിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സർക്കാർ വാഹനത്തിൽ മതഗ്രന്ധം കൊണ്ടുപോയതുൾപ്പെടെ മന്ത്രി കെ.ടി. ജലീലിന്റെ വിവാദ നടപടികളെ ന്യായീകരിക്കുകയും ചെയ്തു.
വോട്ടിംഗിൽ പങ്കെടുക്കാതെ
ജോസ് പക്ഷ എം.എൽ.എമാർ
കേരള കോൺഗ്രസിലെ ജോസ് പക്ഷ എം.എൽ.എമാരായ റോഷി അഗസ്റ്റിനും ഡോ.എൻ. ജയരാജും തലസ്ഥാനത്തുണ്ടായിരുന്നിട്ടും വോട്ടിംഗിലോ ചർച്ചയിലോ പങ്കെടുത്തില്ല. ബി.ജെ.പി അംഗം ഒ. രാജഗോപാൽ പ്രമേയചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടിംഗിന് നിന്നില്ല. സ്വതന്ത്രാംഗം പി.സി. ജോർജും വോട്ടിംഗിൽ പങ്കെടുത്തില്ല. വി.എസ്. അച്യുതാനന്ദൻ, മന്ത്രി കെ.ടി. ജലീൽ, ജോർജ് എം.തോമസ്, സി.എഫ്. തോമസ്, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവരും സഭയിലെത്തിയില്ല.