ലക്നൗ: മാദ്ധ്യമപ്രവർത്തകൻ രത്തൻ സിംഗിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. അരവിന്ദ് സിംഗ്, ദിനേശ് സിംഗ്, സുനിൽകുമാർ സിംഗ് എന്നിവരാണ് പിടിയിലായത്. ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി വാരാണാസിക്ക് സമീപം ബല്ലിയ ജില്ലയിലെ വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് അക്രമി സംഘം രത്തൻ സിംഗിനെ വെടിവച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ അദ്ദേഹം കൊല്ലപ്പെട്ടു. സഹാറാ സമയ് ചാനലിലെ മാദ്ധ്യമപ്രവർത്തകനായിരുന്നു രത്തൻ സിംഗ്. ഗാസിയാബാദിൽ കഴിഞ്ഞമാസം ഒരു മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.