ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ താൻ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മാപ്പുപറയാൻ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും, വിമർശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.
ട്വിറ്ററിൽ നടത്തിയ പരാമർശത്തിൽ പ്രസ്താവന തിരുത്തുന്നോ എന്ന് തീരുമാനിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചവരെ വരെ സമയം നൽകിയിരുന്നു.മാപ്പെഴുതി നൽകാത്ത സാഹചര്യത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപനത്തിലേക്ക് കടന്നേക്കും.
കോടതി അലക്ഷ്യ നിയമ പ്രകാരം പരമാവധി ആറ് മാസം വരെ തടവ് ശിക്ഷയോ, 2000 രൂപ വരെ പിഴയോ, രണ്ടുംകൂടിയോ ലഭിച്ചേക്കാം. ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ വിധി പറയുന്നത് അധികം വൈകില്ലെന്നാണ് സൂചന.