കൊച്ചി: മഞ്ഞുമ്മലിൽ പതിനാലുകാരി പീഡനത്തിനിരയായ കേസിൽ പ്രതികളെ തേടി പൊലീസ് ഉത്തർപ്രദേശിലേക്ക്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്. മൂന്നുപേർ സംസ്ഥാനം വിട്ടിരുന്നു. പ്രതികളെ കണ്ടെത്താനായി കേരള പൊലീസ് ഉത്തർപ്രദേശ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി മാർച്ച് മുതൽ ഓഗസ്റ്റ് വരെ നിരവധി തവണ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് കുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതികൾ പതിനാലുകാരിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളിൽവച്ചാണ് പെൺകുട്ടിയെ പ്രതികൾ ബലാത്സംഗത്തിനിരയാക്കിയത്.