തിരുവനന്തപുരം: കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമില്ലെങ്കിലും ആറ് മാസത്തിന് ശേഷം ചേരുന്ന എ.ഐ.സി.സി സമ്മേളനത്തിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരു പ്രസിഡന്റ് ഉണ്ടായേക്കില്ല. മുഴുവൻ സമയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ എ.ഐ.സി.സി സമ്മേളനം വിളിക്കുന്നതുവരെ സോണിയാ ഗാന്ധിയോട് ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി നിർദ്ദേശിച്ചിരുന്നു. പാർട്ടിയിൽ അടിമുടി മാറ്റമുൾപ്പെടെ 23 നേതാക്കൾ ഉന്നയിച്ച വിഷയങ്ങളിലും സോണിയ തീരുമാനമെടുക്കും.
അടുത്ത തവണ സമ്മേളനം ചേരുമ്പോൾ രാഹുൽ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് സൂചന. ഇതിനുമ്പ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുലിനോട് സോണിയയും എ.കെ.ആന്റണിയും അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുൽ വഴങ്ങിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ അദ്ധ്യക്ഷനാകണമെന്ന ആവശ്യം രാഹുൽ തള്ളാതിരുന്നത് ശ്രദ്ധേയമായി. അദ്ധ്യക്ഷ പദവി ഉടൻ ഏറ്റെടുക്കില്ലെന്ന സൂചന നൽകിയ രാഹുൽ, അടുത്ത എ.ഐ.സി.സി സമ്മേളനത്തിൽ ഭൂരിപക്ഷ വികാരം മാനിച്ച് അദ്ധ്യക്ഷ പദവി ഏറ്റെടുക്കുമെന്ന സൂചനയാണുള്ളത്.
സോണിയയുമായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചർച്ച നടത്തിയതായും സൂചനയുണ്ട്. രാഹുലിനോട് എത്രയും വേഗം അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് സോണിയയും പ്രിയങ്കയും നിർദ്ദേശിച്ചത്. പാർട്ടിക്ക് ഊർജ്ജസ്വലരായ യുവനിര ഉണ്ടെന്നും അവരുടെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിലുള്ള നടപടികളിലേക്ക് പോകരുതെന്നുമാണ് പ്രിയങ്ക നിർദ്ദേശിച്ചത്.
കത്ത് ബോംബ് കത്തിയില്ല
പാർട്ടിക്ക് മുഴവൻ സമയ അദ്ധ്യക്ഷനെ വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചെങ്കിലും അതിന് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നാണ് സൂചന. ഒരു സംഘം നേതാക്കൾ അയച്ച കത്ത് അനവസരത്തിലുള്ളതാണെന്നും അതിൽ സോണിയയും രാഹുലും അതൃപ്തരാണെന്ന സന്ദേശവും നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. കത്ത് നിർഭാഗ്യകരമാണെന്നും ഹൈക്കമാൻഡിനെ ദുർബലപ്പെടുത്തുന്നതാണെന്നുമാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞത്. കത്തിനെക്കാൾ ക്രൂരമാണ് അതിലെ ഉള്ളടക്കമെന്ന് എ.കെ. ആന്റണിയും പറഞ്ഞു. എന്നാൽ, കത്തെഴുതിയവർക്കെതിരെ നടപടി എടുക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് ഇരുവരും സോണിയയെ അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനി ഈ വിഷയത്തിൽ കൂടുതൽ മാദ്ധ്യമ ചർച്ചകൾക്ക് ഇടം കൊടുക്കാതെ രാഹുലിനോട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയ നിർദ്ദേശിച്ചേക്കും. എന്നാൽ, കോൺഗ്രസ് പ്രവർത്തകസമിതി സോണിയയ്ക്ക് പിന്നിൽ അണിനിരന്നത് അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഭാവിയിൽ എന്ത് തീരുമാനം ഉണ്ടായാലും അത് ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്.
കത്തെഴുതിയവർ യോഗം ചേർന്നു
അതേസമയം, സോണിയയ്ക്ക് കത്തെഴുതിയവർ നിലപാട് മാറ്റിയിട്ടില്ല. കത്തെഴുതിയ നേതാക്കൾ മുതിർന്ന നേതാവ് ഗുലാംനബി ആസാദിന്റെ വീട്ടിൽ ഇന്നലെ രാത്രി യോഗം ചേർന്നു. ശശി തരൂരും യോഗത്തിൽ പങ്കെടുത്തു. ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധി തുടരുമ്പോഴും രാഹുൽ ഗാന്ധി തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ഇതു സംബന്ധിച്ച ആശയകുഴപ്പം മാറണം എന്നാണ് നേതാക്കൾ കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിന് അനുസരിച്ച് സംഘടനയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് നേതാക്കൾ സൂചിപ്പിച്ചു. സോണിയ ഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് കത്തെഴുതിയെന്ന വിമർശനം നേതാക്കൾ തള്ളി. സോണിയ ആശുപത്രി വിട്ടശേഷമാണ് കത്ത് നൽകിയതെന്ന് നേതാക്കൾ പറയുന്നു. ഇക്കാര്യം ഇന്നലത്തെ യോഗത്തിൽ ഗുലാംനബി ആസാദ് വിശദീകരിച്ചു. ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ചു നിന്ന നേതാക്കളാണ് താനും ആസാദുമെന്ന് ആനന്ദ് ശർമ്മയും പറഞ്ഞു.