കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും എയർ ഇന്ത്യയുടെ അടിയന്തര ഇടക്കാല നഷ്ടപരിഹാരം. മരിച്ചവരിൽ പന്ത്രണ്ട് വയസിന് മുകളിലുളളവർക്ക് 10 ലക്ഷംരൂപയും അതിന് താഴെയുളളവർക്ക് അഞ്ചുലക്ഷവുമാണ് നൽകുക. പരിക്കേറ്റവർക്കാണ് ആദ്യഘട്ട നഷ്ടപരിഹാരം നൽകുക എന്നാണ് റിപ്പോർട്ട്. ഇതിനകം 55പേർക്ക് തുക അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. പൂർണ നഷ്ടപരിഹാരം വൈകുമെന്നതിനാൽ കേന്ദ്ര നിർദേശപ്രകാരം ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രത്യേക വാട്‌സാപ്പ് നമ്പറിലൂടെ പരിക്കേറ്റവരുടെ ബാങ്ക് അക്കൗണ്ട്, തിരിച്ചറിയൽരേഖകൾ ശേഖരിച്ചാണ് തുക കൈമാറിയത്. യാത്രക്കാർ നൽകിയ വിലാസത്തിൽ നിന്നാണ് ബന്ധുക്കളെ കണ്ടെത്തുന്നത്.
പരിക്കേറ്റവർക്കുളള നഷ്ടപരിഹാരം ഓണത്തിനുമുമ്പ് പൂർണമായും നൽകാനാണ് ലക്ഷ്യമിടുന്നത്.
മരിച്ചവരുടെ അനന്തരാവകാശികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകുന്ന മുറയ്ക്കായിരിക്കും ഇടക്കാല നഷ്ടപരിഹാരം നൽകുക. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇൻഷ്വറൻസ് തുകയ്ക്ക് പുറമേയാണിത്.
ഓഗസ്റ്റ് ഏഴിനാണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിംഗ് 737 വിമാനം അപകടത്തിൽപ്പെട്ടത്. ഇതുവരെ 21 പേരാണ് മരിച്ചത്. മരിച്ച നാലുകുട്ടികൾ 12 വയസിന് താഴെയുളളവരാണ്. പരിക്കേറ്റവരിൽ 25 പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരുടെ എല്ലാ ചികിത്സാച്ചെലവുകളും വഹിക്കുന്നത് എയർ ഇന്ത്യയാണ്.