jose

കോട്ടയം: ഇടതു സർക്കാരിനെതിരായ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന് രാഷ്ടീയ അഭയം ഇനി ഇടതു മുന്നണിയിൽ!

സി.പി.ഐ യുടെ എതിർപ്പ് മയപ്പെടുത്തി ജോസ് വിഭാഗത്തിന് ഇടതു പ്രവേശനം നൽകാനുള്ള വഴി അവിശ്വാസപ്രമേയത്തിലെ നിലപാട് വഴി തെളിഞ്ഞു വെന്നാണ് സി.പി.എം വിലയിരുത്തൽ. അടുത്ത യു.ഡി.എഫ് യോഗം ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുന്ന തീരുമാനമെടുക്കുമെന്ന സൂചനയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ട ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കിയത്. ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിനുള്ള വേഗതയും അതോടെ വർദ്ധിച്ചേക്കും. ബി.ജെ.പി മുന്നണിക്ക് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാൻ താത്പര്യമുണ്ട്. ജോസിന് കേന്ദ്ര മന്ത്രി സ്ഥാനം വരെ വാഗ്ദാനം നൽകിയെങ്കിലും ബി.ജെ.പി മുന്നണി പ്രവേശനം പാർട്ടിയുടെ അടിവേര് മാന്തുമെന്ന അഭിപ്രായമാണ് നേതാക്കൾക്കിടയിലുള്ളത്. അതിനാൽ ആ വഴി തിരഞ്ഞെടുക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.

വിപ്പ് ലഘിച്ചതിന് ജോസ് പക്ഷത്തെ രണ്ട് എം.എൽഎമാർക്കെതിരെ നടപടി എടുക്കാൻ യു.ഡി.എഫിന് നിയമപരമായി കഴിയില്ലെങ്കിലും പാർട്ടി വർക്കിംഗ് ചെയർമാൻ ജോസഫിന് സ്പീക്കർക്ക് പരാതി നൽകാം. പാർട്ടി അധികാര തർക്കം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ നിൽക്കുന്നതിനാൽ സ്പീക്കർക്ക് തീരുമാനം നീട്ടാം. അല്ലെങ്കിൽ നടപടി എടുക്കാം. ജോസ് വിഭാഗം ഇടതു മുന്നണിയിൽ ചേർന്നാലും കൂറുമാറ്റ നിരോധന വിഷയം വന്നാലും സ്പീക്കറുടെ നിലപാടാകും പ്രധാനം. ഇപ്പോഴത്തെ സ്ഥിതിയിൽ ജോസിന് അനുകൂലമാകുന്ന നിലപാട് വന്നേക്കാം. പ്രത്യേകിച്ചും നിയമസഭാ വിപ്പായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തത് നിയമസഭാ രേഖകളിൽ നില നിൽക്കുന്ന സാഹചര്യത്തിൽ .

ജോസ് വിഭാഗത്തിൽ ഭിന്നത

ഇടതു മുന്നണിയിലേക്ക് പോകുന്നതിൽ ജോസ് വിഭാഗത്തിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും യു.ഡി.എഫിൽ നിന്ന് പുറത്താക്കുന്ന സാഹചര്യത്തിൽ മറ്റ് വഴിയില്ലെന്ന് അണികളെ ബോദ്ധ്യപ്പെടുത്താൻ കഴിയും. ഒറ്റയ്ക്കു നിൽക്കുന്നത് രാഷ്ടീയമായി ആത്മഹത്യാപരമാണ് . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം ആവശ്യവുമാണ് . ഇപ്പോഴത്തെ സാഹചര്യത്തിൽ അത് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായാലും അത്ഭുതപ്പെടാനില്ല എന്നാണ് ഇടതു മുന്നണിയോടുള്ള ജോസിന്റെ മൃദു സമീപനം തെളിയിക്കുന്നത്. ഉന്നത ഇടതു നേതാക്കളുമായുള്ള ചില ചർച്ചകളും ഇതിനകം നടന്നുവെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്. ഒപ്പമുള്ള ഒരു എം.പിയും രണ്ട് എം.എൽമാരും ജോസിനെ വിട്ടു പോകാനുള്ള സാദ്ധ്യതയില്ല. പിളർപ്പുണ്ടായാലും ഭൂരിപക്ഷവും ജോസിനൊപ്പം നിന്നേക്കും.

.