sreerama-krishnan

തിരുവനന്തപുരം: നിയമസഭയിൽ പ്രസംഗിക്കാൻ എല്ലാവരും സമയമെടുത്തുവെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ. അനുവദിച്ചതിനെക്കാൾ ഒന്നര മണിക്കൂറോളം ചർച്ച നീണ്ടു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് സംസാരിക്കാൻ അനുവദിച്ചതിനെക്കാൾ മൂന്നിരട്ടി സമയമെടുത്താണ് പ്രസംഗിച്ചത്. സർക്കാരിനെതിരെ അവിശ്വാസം വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അക്കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും. സർക്കാർ നേട്ടങ്ങളും നിലപാടുകളും വ്യക്തമാക്കുമ്പോൾ അതിനെ തടയാനാകില്ല. ഇതിനു മുമ്പ് അങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ അവിശ്വാസ പ്രമേയ ചർച്ചയിൽ അന്നത്തെ മുഖ്യമന്ത്രിയുടെ മറുപടി അഞ്ചേമുക്കാൽ മണിക്കൂറോളമായിരുന്നുവെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.

നിയമസഭയിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സംസാരിക്കാൻ അവസരം കൊടുത്തിട്ടുണ്ട്. അതിൽ പുതുതായൊന്നുമില്ല. ഇന്നലെ തനിക്കെതിരെ സഭയിലുണ്ടായ പരമാർ‌ശങ്ങൾ നിർഭാഗ്യകരമാണ്. പാർലമെന്ററി ചരിത്രത്തിൽ ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്നലെയുണ്ടായത്. ഭരണഘടനയുടെ 179സി എന്ന നിബന്ധനയുടെ പേരിലാണ് സ്പീക്കർക്കെതിരായ പ്രമേയം ചർച്ചയ്‌ക്കെടുക്കാത്തത്. അത് അറിഞ്ഞുകൊണ്ട് പാർലമെന്ററി അനുഭവമുള്ള ഒരാൾ സംസാരിച്ചത് ശരിയായില്ല. വിപ്പ് ലംഘനം സംബന്ധിച്ച് കേരള കോൺഗ്രസുകളുടെ പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞു.