പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി തിരിച്ചുവരാൻ പ്രാർത്ഥിക്കാത്ത ആരാധകർ ലോകത്തില്ല. അദ്ദേഹത്തിന്റെ ഇഷ്ട ദേവനായ ശബരീശന്റെ സന്നിധിയിലും അല്പം വ്യത്യസ്തമായ പ്രാർത്ഥന നടത്തിയിരുന്നു. നാദസ്വരകച്ചേരിയിലൂടെയായിരുന്നു സംഗീത ചക്രവർത്തിയുടെ രോഗം ഭേദമാകാൻ ദേവസ്വംബോർഡ് ജീവനക്കാരായ മൂന്നുപേർ കലിയുഗവരദനോട് മനമുരുകി പ്രാർത്ഥിച്ചത്. ഇവരുടെ പ്രാർത്ഥന അയ്യപ്പൻ കേട്ടിട്ടെന്നവണ്ണം സംഗീതാർച്ചന കഴിഞ്ഞ് മണിക്കൂറുകൾക്കകം എസ് പി ബിക്ക് കൊവിഡ് നെഗറ്റീവാകുകയും ചെയ്തു.
കൊടിമരച്ചുവട്ടിലായിരുന്നു ഗാനാർച്ചന. ദേവസ്വം ജീവനക്കാരനും തകിൽ വാദകനുമായ സുഗുണൻ, നാദസ്വരവാദകൻ ഗണേഷ് തിരുവാർപ്പ്, ഇടയ്ക്കവാദകൻ യദുകൃഷ്ണൻ എന്നിവർ ചേർന്നാണ് ഗാനാർച്ചന നടത്തിയത്. എസ് പി ബിക്കായി ഉഷപൂജയും നടത്തി.
ഫേസ്ബുക്കിൽ പ്രചരിക്കുന്ന സംഗീതാർച്ചനയുടെ വീഡിയോ വൈറലാണ്. നിരവധി ലൈക്കുകളും ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എസ് പി ബി സുഖംപ്രാപിക്കാൻ കാരണക്കാരായവർ എന്നനിലയ്ക്ക് ഇവർക്ക് നന്ദിപ്രകാശിപ്പിക്കുന്നതാണ് കമന്റുകളിൽ കൂടുതലും