കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐ അന്വേഷിക്കും. സി ബി ഐ അന്വേഷണത്തിനെതിരായുളള സംസ്ഥാന സർക്കാറിന്റെ അപ്പീൽ തളളിക്കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് സി ബി ഐക്ക് വിട്ടത്.
എന്നാൽ കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി റദ്ദാക്കിയിട്ടില്ല. സി ബി ഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. സി ബി ഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാദം പൂർത്തിയായി ഒമ്പതുമാസവും ഒമ്പതുദിവസവും കഴിഞ്ഞ ശേഷമാണ് വിധിപറഞ്ഞത്.വിധി വൈകുന്ന സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി പറയാത്തതിനാൽ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സി ബി ഐയും കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബർ മുപ്പതിനാണ് കേസ് സി ബി ഐക്ക് വിട്ടത്. അന്വേഷണസംഘത്തെ നിശിതമായി വിമർശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വൻ തുക മുടക്കി സുപ്രീംകോടതി അഭിഭാഷകരെ വരെ സംസ്ഥാനസർക്കാർ കേസിന്റെ വാദത്തിനായി എത്തിച്ചിരുന്നു. കേസ് സി ബി ഐക്കുവിട്ടുകൊണ്ടുളള ഹൈക്കോടതി വിധിയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു.
2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്.സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഒന്നാംപ്രതി പീതാംബരൻ ശരത്ത് ലാലിനോടുളള വിരോധമാണ് കൊലയ്ക്കു കാരണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്. പീതാംബരനുപുറമേ സജി സി. ജോർജ്, കെ.എം. സുരേഷ്, അനിൽകുമാർ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി താനിത്തോട്, രഞ്ജിത്ത്, പ്രദീപ്, ആലക്കോട് മണി, സി.പി.എം. പെരിയ ലോക്കൽ സെക്രട്ടറി എന്‍. ബാലകൃഷ്ണൻ, ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്ഠൻ എന്നിവരാണ് കേസിലെ പ്രതികൾ.