സാധാരണക്കാരന് താങ്ങാവുന്ന വിലയുളള ഇലക്‌ട്രിക് കാർ നിർമ്മിക്കുക എന്ന ലക്ഷ്യമായിരുന്നു അമേരിക്കൻ ശാസ്‌ത്രജ്ഞനും വ്യവസായിയുമായ ഏലോൺ മസ്‌കിന് കാറുകൾ നിർമ്മിക്കുമ്പോൾ ഉണ്ടായിരുന്നത്. ഡ്രൈവറില്ലാതെ ഇലക്‌ട്രിക് കാറുകൾ ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ച മസ്‌കിന്റെ കാറുകൾ വളരെ പെട്ടെന്ന് ജനപ്രിയമായി. പുതിയവ മാത്രമല്ല യൂസ്ഡ് കാർ വിപണിയിലും ടെസ്‌ല ലോകമാകെ പ്രിയങ്കരമാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ ലോകത്ത് മറ്റേതൊരു കമ്പനി വാഹനത്തേക്കാൾ കൂടുതൽ വിറ്റുപോകുന്നത് ടെസ്‌ലയുടെ മോഡൽ3 ആണ്. 2017 ജൂലായിലാണ് സെഡാൻ വിഭാഗത്തിൽ പെടുന്ന മോഡൽ 3 വിപണിയിലെത്തിയത്. യൂസ്‌ഡ് കാർ വിപണിയിൽ ഔഡി എ4,ബിഎംഡബ്ളു 3 സീരീസ്, സി ക്ളാസ് മെഴ്സിഡേസ് ബെൻസ്,ലെക്‌സസ് ഐഎസ് എന്നിവയെക്കാളും ബഹുദൂരം മുന്നിലാണ് ടെസ്‌ല മോഡൽ 3യുടെ വിൽപന. മോഡൽ 3യുടെ അതേ സെഗ്‌മെന്റിൽ പെട്ട നിസാൻ ലീഫിനും ബിഎംഡബ്ളു ഐ3യ്‌ക്കും വിപണിയിൽ പിടിച്ച് നിൽക്കാനായില്ല.
മൂന്ന് വർഷം പഴക്കമുളള വാഹനങ്ങളിൽ 10.2% ആണ് മതിപ്പ് വില കുറയുക. തങ്ങളുടെ വാഹനങ്ങളിൽ സോഫ്‌റ്റവെയർ അപ്ഡേറ്റുകളും മറ്റ് പരിഷ്‌കാരങ്ങളും എളുപ്പം നടപ്പാക്കുന്ന ടെസ്‌ലയുടെ രീതിയാണ് ഇവയ്‌ക്ക് വിപണിയിൽ ഡിമാന്റുണ്ടാകാൻ കാരണമെന്ന് ഓൺലൈൻ കാർ സെർച്ച്എഞ്ചിനായ ഐസീകാർസ്.കോം പറയുന്നു.