ന്യൂഡൽഹി: കോൺഗ്രസിൽ മുഴുവൻ സമയ അദ്ധ്യക്ഷനെ വേണമെന്നും അടിമുടി മാറ്റം വേണമെന്നും ആവശ്യപ്പെട്ട് സോണിയഗാന്ധിക്ക് നേതാക്കൾ അയച്ച കത്തിന്റെ ആശയം രൂപപ്പെട്ടത് ശശിതരൂർ നടത്തിയ വിരുന്നിലെന്ന് വിവരം. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് തരൂർ ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് നേതാക്കൾക്കായി വിരുന്നൊരുക്കിയത്. അന്ന് തുടക്കമിട്ട ചർച്ചകളാണ് പിന്നീട് കത്തിന്റെ രൂപത്തിൽ സോണിയക്ക് മുന്നിൽ എത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കോൺഗ്രസ് ഇന്ന് നേരിടുന്ന വെല്ലുവിളിയും ഉത്സാഹവമുള്ള രാഷ്ട്രീയ പാർട്ടിയെന്ന നിലയിലേക്ക് കോൺഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന കത്തിലെ ആശയങ്ങൾ ശശിതരൂർ നടത്തിയ വിരുന്നിൽ വിശദമായാണ് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ തരൂരിന്റെ വിരുന്നിൽ പങ്കെടുത്ത പല പ്രമുഖരും കത്തിൽ ഒപ്പിട്ടിട്ടില്ല. മുൻ ധനമന്ത്രി പി.ചിദംബരം, മകനും എം.പിയുമായ കാർത്തി ചിദംബരം, സച്ചിൻ പൈലറ്റ്, അഭിഷേക് മനുസിംഗ്‌വി, മണിശങ്കർ അയ്യർ എന്നിവരാണ് വിരുന്നിൽ പങ്കെടുത്തതെങ്കിലും കത്തിൽ ഒപ്പിടാത്ത നേതാക്കൾ.
തരൂരിന്റെ വിരുന്നിൽ പങ്കെടുത്ത കാര്യം പാർട്ടി വക്താവ് കൂടിയായ മനു അഭിഷേക് സിംഗ്‌വി സമ്മതിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റും പ്രതികരിക്കാൻ വിസമ്മതിച്ചു. പാർട്ടി കാര്യങ്ങൾ പുറത്ത് പറയാൻ തയ്യാറല്ലെന്നായിരുന്നു പി.ചിദംബരം പറഞ്ഞത്. കത്തിൽ താൻ ഒപ്പുവയ്‌ക്കാതിരുന്നത് തന്നോട് ആരും ആവശ്യപ്പെടാതിരുന്നതുകൊണ്ടാണെന്നായിരുന്നു മണി ശങ്കർ അയ്യരുടെ പ്രതികരണം. തരൂർ നടത്തിയ വിരുന്നിൽ പാർട്ടിയുടെ അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് ചർച്ച നടന്നു. ഒരു കത്തയക്കേണ്ടതിനെക്കുറിച്ചും സൂചനയുണ്ടായി. വിരുന്നിൽ പങ്കെടുത്ത ആരും തന്നെ ഇതിനെ എതിർത്തില്ലെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.
കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തരൂരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുപടിയൊന്നും ഉണ്ടായിട്ടില്ല. രാഹുൽഗാന്ധിക്കെതിരെയുള്ള മുതിർന്ന നേതാക്കളുടെ പടപ്പുറപ്പാടിന്റെ തുടക്കമായാണ് കത്തിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കത്ത് അനവസരത്തിലുള്ളതാണെന്ന് രാഹുൽ വിമർശിച്ചിരുന്നു. കത്ത് എഴുതിയവർ ബി.ജെ.പിയെ സഹായിക്കുകയാണെന്ന ധ്വനിയും രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.