പാലക്കാട് ജില്ല പൂർണമായും തൃശൂർ, മലപ്പുറം ജില്ലകളിലെ ഭാഗങ്ങളും ഉൾക്കൊണ്ട വിപുലമായ പ്രദേശത്തെ ഏറ്റവും വലിയ ശുദ്ധജല സ്രോതസാണ് ഭാരതപ്പുഴ. ചോലകളും അരുവികളും ഉപനദികളും ചേർന്നതാണ് ഈ നദീവ്യവസ്ഥ. കേരളത്തിലെ മറ്റേതൊരു നദിയെയും പോലെ ഭാരതപ്പുഴയും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. പുഴയുടെ സംരക്ഷണത്തിന് പ്രകൃതിസ്നേഹികൾ കൂട്ടായ്മകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, പഴയ നിളയെ വീണ്ടെടുക്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
പുഴയുടെ ഘടനയിൽ കാലാകാലങ്ങളിൽ വരുന്ന സ്വാഭാവിക മാറ്റത്തിന് പുറമേ മനുഷ്യരുടെ ഇടപെടലുകൾ പുഴയെ ഇല്ലാതാക്കുന്നു. വർഷത്തിൽ രണ്ടുതവണ ഇരുകരയും തൊട്ട് ഒഴുകിയിരുന്ന നിള ഏറെക്കാലത്തിന് ശേഷം വിശാലമായി പരന്നൊഴുകിയത് പ്രളയകാലത്താണ്. പ്രളയാനന്തരം പുഴയിലെ മണലെടുപ്പ് പുനരാരംഭിച്ചതോടെ പുഴസംരക്ഷണ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.
പ്രളയത്തിന്റെ പേരിൽ
മണൽ വാരൽ
ദുരന്തനിവാരണ നിയമത്തിന്റെ പേരിലാണ് ഇപ്പോഴത്തെ മണൽഖനനമെന്നാണ് അറിയുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് നദികളിൽ അടിഞ്ഞുകൂടിയ എക്കലും ചളിയും അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്യേണ്ടത്, മണലല്ല. ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശമംഗലം ഭാഗത്ത് ഭാരതപ്പുഴയിൽ ചങ്ങണാംകുന്ന് റെഗുലേറ്ററിന്റെ പില്ലറുകളോട് ചേർന്നാണ് മണൽ ഖനനം നടക്കുന്നത്. നദികളിൽ നിന്ന് മണൽഖനനം ചെയ്യണമെങ്കിൽ സാന്റ് ഓഡിറ്റ് നടത്തിയിരിക്കണം. തുടർന്ന് പരിസ്ഥിതി ആഘാത പഠനം നടത്തി പരിസ്ഥിതി അനുമതി നേടണം. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ വിദഗ്ദ്ധ സമിതി ചേർന്ന് കടവ് കമ്മിറ്റിയെ നിയോഗിക്കണം. ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാവണം മണൽ ഖനനം. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി ഖനനം നടത്താൻ സുപ്രീംകോടതിയും ദേശീയ ഹരിത ട്രിബ്യൂണലും ഹൈക്കോടതിയും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച ഉത്തരവുകളും നിലവിലുണ്ട്. എന്നാൽ സർവനിയമങ്ങളും കാറ്റിൽ പറത്തിയാണ് ഭാരതപ്പുഴയിൽ വിവിധയിടങ്ങളിൽ മണൽഖനനം നടക്കുന്നത്.
ദുരന്തനിവാരണ നിയമത്തിന്റെ മറവിൽ ഭാരതപ്പുഴയിൽ ഇപ്പോൾ നടക്കുന്ന മണൽഖനനം പമ്പയിൽ നടന്നതിന് സമാനമായ മണൽ കൊള്ളയും സാമ്പത്തിക അഴിമതിയുമാണ്. ജലസേചന കുടിവെള്ള പദ്ധതികൾ, റെയിൽ / റോഡ് പാലങ്ങൾ എന്നിവയുടെ 500 മീറ്റർ ദൂരപരിധിയിൽ നിന്ന് മണൽഖനനം പാടില്ല എന്നാണ് നദീസംരക്ഷണ നിയമത്തിൽ പറയുന്നത്. ചരിത്ര പ്രസിദ്ധമായ ഷൊർണൂരിലെ കൊച്ചിൻ പാലം തകർന്നു വീഴാൻ ഇടയാക്കിയത് പാലത്തിന്റെ പില്ലറിനു സമീപത്ത് നിന്നും അശാസ്ത്രീയവും അനിയന്ത്രിതവുമായി നടത്തിയ മണൽവാരലായിരുന്നു.
തിരക്കിട്ടുള്ള മണൽക്കടത്തിൽ
ദുരൂഹത
ഭാരതപ്പുഴയിൽ ഓരോ തടിയണകൾക്കും താഴെ നീരൊഴുക്ക് അനുവദിക്കാത്തതിനാൽ വലിയ പുൽക്കാടുകളും തിട്ടകളും രൂപപ്പെട്ടിട്ടുണ്ട്. ഇവയാണ് ജലപ്രവാഹത്തിന് പ്രധാന തടസം . പ്രളയജലത്തെ ഒഴുക്കിവിടാനാണെങ്കിൽ ഈ പുൽക്കാടുകൾ നീക്കം ചെയ്യുകയാണ് വേണ്ടത്. അത്തരമൊരു ആലോചനയേ ഭരണസിരാകേന്ദ്രങ്ങളിൽ നടക്കുന്നില്ല. പകരം ചെളിയും എക്കലും നീക്കാൻ ലഭിച്ച നിർദ്ദേശം ദുരുപയോഗം ചെയ്ത് മണൽക്കൊള്ളയ്‌ക്ക് അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.
നദിയുടെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് മണൽ. വിവിധങ്ങളായ ജൈവവ്യവസ്ഥ പുഴയിൽ ഉണ്ടാവണമെങ്കിൽ മണലിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്. പുഴയോരത്തെ ഭൂഗർഭ ജലനിരപ്പ് ഉയരണമെങ്കിലും പുഴയിലും തീരത്തും മണൽ ആവശ്യമാണ്. വെള്ളത്തിലെ മാലിന്യം മാറ്റി വെള്ളം ശുദ്ധീകരിക്കുന്ന പ്രവർത്തനം കൂടി മണലിനുണ്ട്.
പ്രതിഷേധിക്കാൻ കഴിയാതെ
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ജനങ്ങൾക്ക് പ്രതിഷേധിക്കാനോ സമരം ചെയ്യാനോ ഉള്ള അവകാശങ്ങൾ എടുത്തുനീക്കിയതിനു ശേഷം ഇത്തരം നിയമലംഘന പ്രവർത്തനങ്ങൾ സർക്കാർ അനുമതിയോടെ നടക്കുന്നത് പ്രതിഷേധാർഹമാണ്.
തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് പരിസരത്തുനിന്ന് കഴിഞ്ഞ മാസം മണൽത്തിട്ട നീക്കാനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ എതിർത്തതിനെ തുടർന്ന് നിയമാനുസൃതം പഠനം നടത്തി മാത്രം മണൽഖനനം മതിയെന്ന് തീരുമാനിച്ചിരുന്നു. ആ തീരുമാനം കിലോമീറ്ററുകൾക്കിപ്പുറം നടപ്പാക്കാൻ ഭരണനേതൃത്വം തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്.
സംരക്ഷണം
നടപ്പാവാത്ത ചരിത്രം
എത്ര തീരുമാനങ്ങളെടുത്താലും നടപ്പാവാത്ത ചരിത്രമാണ് ഭാരതപ്പുഴ സംരക്ഷണത്തിനുള്ളത്. മാറിമാറി വരുന്ന സർക്കാരുകൾ നിള സംരക്ഷണത്തിനായി പദ്ധതികൾക്ക് രൂപം നൽകുമെങ്കിലും ഒന്നും നടപ്പാവാറില്ല. രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തി നിളയുടെ നെഞ്ച് പിളർന്ന് മണലെടുത്തപ്പോഴും മാലിന്യകേന്ദ്രമായി മാറിയപ്പോഴും പുഴസംരക്ഷണം എന്നത് സർക്കാരിന്റെ ചുവപ്പ് നാടയിൽ കുരുങ്ങിക്കിടന്നു. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും അഴുക്കുചാലുകളുടെ മുഖം തുറന്നിരിക്കുന്നത് ഈ ശോകനാശിനിയിലേക്കാണ്. അറവ് - പ്ലാസ്റ്റിക് മാലിന്യങ്ങൾ, കക്കൂസ് മാലിന്യം, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, കച്ചവട സ്ഥാപനങ്ങളിലെ വേസ്റ്റ്, റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള മാലിന്യം തുടങ്ങി ഒട്ടുമിക്ക എല്ലാവിധ അഴുക്കുകളും തള്ളുന്നത് ഈ ചാലുകളിലൂടെയാണ്. ഒരു മഴ പെയ്താൽ ഇവയെല്ലാം കലങ്ങിമറിഞ്ഞ് കുത്തിയൊലിച്ച് ഒഴുകിച്ചേരുന്നത് പുഴയിലേക്കും.
1972ൽ സംസ്ഥാന സർക്കാരിന്റെ വിദഗ്ധസമിതി ഭാരതപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. പതിനെട്ടോളം നിർദ്ദേശങ്ങൾ അന്ന് പുഴ സംരക്ഷണത്തിനായി സർക്കാരിന് മുന്നിൽ വെച്ചിരുന്നു. അവയിൽ മിക്കതും ഇന്നുവരെ പുറംലോകം കണ്ടിട്ടില്ല.
2002ൽ മണൽ വാരലിനെ പറ്റി സെന്റർ ഓഫ് ഹെൽത്ത് സയൻസ് പഠനം നടത്തിയിരുന്നു. മണലെടുപ്പ് മൂലം ഭാരതപ്പുഴയുടെ അടിത്തട്ടിലെ മണൽ രൂക്ഷമായി കുറഞ്ഞുവരുന്നു. മണൽകടവുകളുടെ എണ്ണം ഗണ്യമായി കുറയ്‌ക്കണമെന്നായിരുന്നു പഠനത്തിലെ പ്രധാനനിർദ്ദേശം. എന്നാൽ ഓരോ വർഷവും സാന്റ് ഓഡിറ്റിങ്ങ് നടത്താതെ കടവുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും മണൽ പാസുകളുടെ എണ്ണം വർധിപ്പിക്കുകയുമല്ലാതെ ഭാരതപ്പുഴയിൽ മണൽ വാരൽ കുറഞ്ഞില്ല. മണൽ വാരലിന് വേണ്ടി ജില്ലാ വിദഗ്ദ്ധസമിതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് മത്സരമായിരുന്നു.
പാലക്കാട്, മലപ്പുറം, തൃശൂർ, ജില്ലകളുടെ കുടിവെള്ളാവശ്യവും ജലസേചനവും ഭാരതപുഴയെ ആശ്രയിച്ചാണ്. ജലലഭ്യത ഇല്ലാതായതോടെ ഈ പദ്ധതികളെല്ലാം അവതാളത്തിലായിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആസൂത്രണബോർഡ് ഒമ്പതുവർഷം മുമ്പ് ഭാരതപുഴയുടെ പുനസ്ഥാപനം ലക്ഷ്യമിട്ട് ജനകീയ കൂട്ടായ്മ ഭാരതപുഴ കൺവെൺഷൻ എന്ന പേരിൽ നടത്തിയത്. നദീതട ആസൂത്രണം പ്രശ്‌നങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ വിദഗ്ധരുടെ പ്രബന്ധാവതരണത്തിലൊതുങ്ങി ഈ കൂട്ടായ്മ.
ഇത്തരത്തിൽ കൂടിച്ചേരലുകൾക്കോ പ്രബന്ധാവതരണത്തിലോ മാത്രം ഒതുങ്ങിനിൽക്കാതെ പുഴ സംരക്ഷണം പ്രായോഗിക തലത്തിൽ നടപ്പാക്കുകയാണ് വേണ്ടത്.