covid-reinfection

ഹോങ്‌കോംഗ്: ലോകത്ത് ആദ്യമായി കൊവിഡ്-19 രോഗം ബാധിച്ച് ഒരിക്കൽ ഭേദമായയാൾക്ക് പിന്നെയും രോഗം സ്ഥിരീകരിച്ചു. ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്ന 33 വയസുകാരനാണ് യൂറോപ്പിൽ നിന്ന് ഹോങ്‌കോംഗിലേക്ക് മടങ്ങിയെത്തവെ എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ മാസത്തിൽ ഇയാൾക്ക് രോഗം ഭേദമായതാണ്.

ഹോങ്‌കോംഗ് സർവകലാശാലയിലെ ഗവേഷകർ ഇയാളുടെ സ്രവം പരിശോധിച്ച് രണ്ട് തവണയും വ്യത്യസ്‌ത കൊവിഡ് ശ്രേണിയിലുള‌ള വൈറസുകളാണ് ബാധിച്ചതെന്ന് കണ്ടെത്തി. ഇത്തവണ ബാധിച്ച കൊവിഡ് രോഗത്തിന് ലക്ഷണങ്ങളില്ലായിരുന്നു. ഒരിക്കൽ രോഗം വന്നയാൾക്ക് രണ്ടാമത് രോഗം വന്നാൽ അത് നേരിയ ഇൻഫെക്‌ഷൻ മാത്രമാകുമുണ്ടാക്കുക എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കൊവിഡ് രോഗപ്രതിരോധം നേടിയെങ്കിലും ഈ രോഗം സ്ഥിരമായി മനുഷ്യനിൽ നിലനിൽക്കുമെന്ന കണ്ടെത്തൽ സർവ്വകലാശാലയിലെ ഗവേഷണത്തിന് നേതൃത്വം നൽകിയ ക്വോക് യുംഗ് യുവെനും സംഘവും ക്ളിനിക്കൽ ഇൻഫെ‌ക്‌ഷസ് ഡിസീസസ് ജേണലിൽ കുറിച്ചിട്ടുണ്ട്.

ലോകത്തിൽ ആദ്യമായാണ് രോഗം സ്ഥിരീകരിച്ച് ഭേദമായ ഒരാളിൽ മാസങ്ങൾക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിക്കുന്നതെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് മുക്തരിൽ ലക്ഷണങ്ങൾ പ്രകടമല്ലെങ്കിൽ വീണ്ടും രോഗബാധിതരാണോ എന്നറിയാൻ വഴിയില്ല. ആദ്യമായി രോഗത്തിൽ നിന്നും പ്രതിരോധം നേടാൻ ശരീരത്തിനാകും എന്നാൽ വീണ്ടും രോഗം ബാധിച്ചാൽ അതിൽ നിന്നും സംരക്ഷണമേകാൻ കഴിയില്ല എന്നാണ് പുതിയ കണ്ടെത്തൽ.

അമേരിക്കൻ ഇൻഫെക്‌ഷസ് ഡിസീസസ് സൊസൈ‌റ്റി പ്രസിഡന്റായ തോമസ് ഫൈലിന്റെ അഭിപ്രായത്തിൽ വീണ്ടും രോഗം ബാധിച്ചയാളിൽ നിന്നും പുതുതായി കൂടുതൽ ആളുകളിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്. ഒരിക്കൽ രോഗം ഭേദമായവരിൽ വീണ്ടും രോഗം ബാധിക്കുന്നത് തടയാനാകില്ല. വ്യക്തികളുടെ രോഗപ്രതിരോധ സംവിധാനവും ബാധിച്ച വൈറസിന്റെ സ്വഭാവവും അനുസരിച്ച് മാത്രമേ രോഗത്തിൽ നിന്നും പ്രതിരോധം നേടുമോ എന്ന് പറയാനാകൂ എന്നും ഫൈൽ അഭിപ്രായപ്പെടുന്നു.