ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ എളുപ്പത്തിൽ മറ്റ് നേതാക്കൾക്ക് ബന്ധപ്പെടാൻ സാധിക്കാത്തതാണ് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അനിൽ ശാസ്ത്രി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർട്ടിയിലെ മറ്റ് നേതാക്കളെ കണ്ട് സംസാരിക്കാൻ തുടങ്ങിയാൽ പകുതി പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്നും, മുഴുവൻ സമയ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തതിന് പിന്നാലെയാണ് അനിൽ ശാസ്ത്രിയുടെ പ്രതികരണം. കോൺഗ്രസ് നേതാക്കൾ തമ്മിൽ യോഗങ്ങൾ നടക്കുന്നില്ലെന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കൾക്ക് ഡൽഹിയിലെ മുതിർന്ന നേതാക്കളെ കാണുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
'പാർട്ടി നേതാക്കൾ തമ്മിൽ മീറ്റിംഗുകൾ നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. മറ്റൊരു സംസ്ഥാനത്ത് നിന്ന് ഒരു പാർട്ടി നേതാവ് ഡൽഹിയിലേക്ക് വന്നാൽ അദ്ദേഹത്തിന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണുന്നത് എളുപ്പമല്ല.'-അനിൽ ശാസ്ത്രി പറഞ്ഞു. മുതിർന്ന നേതാക്കളായ രാഹുൽ, സോണിയ ഗാന്ധി എന്നിവർ മറ്റ് കോൺഗ്രസ് നേതാക്കളെ കണ്ട് സംസാരിച്ചാൽ പാർട്ടിക്കുള്ളിലെ പകുതി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം കരുതുന്നു.
നേതാക്കളുടെ കത്ത് കിട്ടിയതിന് പിന്നാലെ അദ്ധ്യക്ഷ പദവിയിൽ നിന്ന് താൻ രാജിവയ്ക്കുകയാണെന്ന് സോണിയ ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ, പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതുവരെ പാർട്ടി അദ്ധ്യക്ഷയായി തുടരാൻ സോണിയ ഗാന്ധി തയ്യാറായി. നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.