വയനാട്ടിലെ 52 കുറിച്യത്തറവാടുകളിലൊന്നായ താഴെ തലപ്പുഴ വലിയമിറ്റത്തെ കുട്ടികളും മുതിർന്നവരും ഇപ്പോൾ വയൽപ്പണിയുടെ തിരക്കിലാണ്. കാലമേറെ മാറിയെങ്കിലും ഇപ്പോഴും തറവാട്ട് കാരണവർ ചന്തുവിന്റെ നേതൃത്വത്തിൽ അവരൊരുമിച്ച് വിതയ്ക്കുകയും കൊയ്യുകയും, കിട്ടുന്ന നെല്ല് തുല്യമായി പങ്കിട്ടെടുക്കുകയും ചെയ്യുന്നു. ചെറുതും വലുതുമടക്കം ഇപ്പോൾ 160 അംഗങ്ങളുള്ള ഈ കുടുംബം എല്ലാ വർഷവും തിരുവോണ നാളിൽ തറവാട്ട് മുറ്റത്ത് ഒത്ത് കൂടി, ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണും. ഒരു വലിയ കോട്ട പോലെ ചുറ്റും നിൽക്കുന്ന മലനിരകളുടെ നടുവിൽ താഴ്വാരത്തായാണ് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ തറവാടും ക്ഷേത്രവും വയലും പുഴയുമെല്ലാമുള്ളത്. ഒരു കാലത്ത് നിബിഢവനമായിരുന്ന ഈ മലനിരകൾ തേയിലത്തോട്ടങ്ങളായി മാറ്റപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രമാണ്. അതുവരെ ചുറ്റുമുണ്ടായിരുന്ന കാട്ടിൽ നായാടിക്കിട്ടുന്ന ഇറച്ചി ഇവരുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു. അമ്പും വില്ലും പ്രയോഗിക്കാൻ വിദഗ്ദരായത് കൊണ്ടാണ്, കുറിയ്ക്ക് കൊള്ളിയ്ക്കുന്നവർ എന്നർത്ഥം വരുന്ന 'കുറിച്യർ" എന്ന പേര് ഈ ജനസമൂഹത്തിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു.
വയനാടിന്റെ തനത് നെല്ലിനങ്ങളായ ചേറ്റ് വെളിയനും ഗന്ധകശാലയുമെല്ലാം, ചോറിനും പലഹാരങ്ങൾക്കുമാവശ്യമായ ധാന്യവും ഇവർക്ക് നൽകി. വയലിലെ നെല്ലും കരയിലെ മുത്താറിയും മാത്രമായിരുന്നു നേരത്തെ കൃഷി ചെയ്തിരുന്നത്, പിന്നെയുള്ളതെല്ലാം കാട് നൽകി. നാണ്യവിളകളായ കുരുമുളകും കാപ്പിയുമൊന്നുമിവരുടെ കൃഷിയിൽ ഉൾപ്പെട്ടിരുന്നേയില്ല, ചുരത്തിന് താഴെ നിന്നുള്ള കുടിയേറ്റത്തിന്റെ ഭാഗമായാണ് തെങ്ങും കവുങ്ങുമടക്കമുള്ള വിളകൾ ഇവർക്കും പരിചിതമാവുന്നത്. അന്നുമിന്നും കുടുംബാംഗങ്ങൾ മാത്രമാണ് എല്ലാ പണികളുമെടുക്കുക, പുറത്ത് നിന്നാരുമുണ്ടാവില്ല.
കൃഷിപ്പണികൾ തുടങ്ങുന്നത് ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ്. വിളവ് നന്നാകണമെങ്കിൽ, വയലിന് അഭിമുഖമായുള്ള തറവാട്ട് ക്ഷേത്രത്തിലെ മലക്കാരി ദേവന്റെയും ഭഗവതിയുടെയുമൊക്കെ അനുഗ്രഹം വേണമെന്ന് ഇവർ ഉറച്ച് വിശ്വസിയ്ക്കുന്നു. ദൈവങ്ങൾക്ക് തുല്യമായ സ്ഥാനം തന്നെയാണ് ആദി മൂപ്പനായ 'മുനി"യ്ക്കും ഇവർ നൽകുന്നത്. മുനിയാണ്, കാടിന്റെ ഭാഗമായി കിടന്നിരുന്ന ചതുപ്പ് വയലാക്കി മാറ്റിയതും, കരയിൽ കുടിൽ കെട്ടി ജീവിതം തുടങ്ങുന്നതുമെല്ലാം. ആ മുനിയുടെ സന്തതി പരമ്പരകളാണ്, വലിയമിറ്റം തറവാട്ടിൽ ഇന്നുള്ള കുടുംബാംഗങ്ങളെന്നും കരുതപ്പെടുന്നു. തങ്ങളുടെ വയർ നിറയ്ക്കാൻ അവർ തന്നെ ഒത്തൊരുമിച്ചദ്ധ്വാനിയ്ക്കുന്ന മനോഹര ദൃശ്യം നൂറ്റാണ്ടുകളായി ഈ താഴ് വരയിൽ താളം തെറ്റാതെ തുടരുകയാണ്; ഈ ഓണക്കാലത്തും...
എൺപതുകളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട 'ഉയരും ഞാൻ നാടാകെ" എന്ന സിനിമയുടെ പ്രധാന ലൊക്കേഷനും ഈ തറവാടായിരുന്നു. ജൻമികളുടെ വരവോട് കൂടി, ക്രൂരമായി ചൂഷണം ചെയ്യപ്പെട്ട വയനാട്ടിലെ ആദിമജനതയുടെ കഥ പറഞ്ഞ ഈ ചിത്രം സംവിധാനം ചെയ്തത് പി. ചന്ദ്രകുമാറായിരുന്നു, കേന്ദ്രകഥാപാത്രമായ ദാരപ്പനെ അവതരിപ്പിച്ചത് മോഹൻലാലും. ഒ.എൻ.വി. യുടെ വരികളിൽ വിരിഞ്ഞ 'തുള്ളി, തുള്ളി വാ." എന്ന ഗാനരംഗത്തിൽ, വൈക്കോലുകൊണ്ട് മേഞ്ഞ വീടുകളുടെ മുറ്റത്ത് കൂട്ടിയ തീക്കനലിന് മുകളിലൂടെ മോഹൻലാൽ കൈ കുത്തിച്ചാടുന്ന രംഗമൊക്കെയുണ്ടായിരുന്നു. രണ്ടാഴ്ചയോളം നീണ്ട ചിത്രീകരണത്തിന് ശേഷം മോഹൻലാൽ തിരിച്ച് പോയപ്പോൾ വില്ലും അമ്പുമൊക്കെ കൂടെക്കൊണ്ട് പോയിരുന്നു. സിനിമയിൽ പല സീനുകളിലും ദൃശ്യമാവുന്ന, മണ്ണ് അടിച്ചുണ്ടാക്കിയ പടിക്കെട്ടുകൾ മാത്രം 40 വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവുമില്ലാതെ ഇപ്പോഴും തറവാട്ട് മുറ്റത്തിനും വയലിനും ഇടയിലായുണ്ട്. 1985 ൽ പുറത്തിറങ്ങി, തീയറ്ററുകളിൽ നിറഞ്ഞോടിയ ഈ സിനിമ, മാനന്തവാടിയിലെ ഓല മേഞ്ഞ മാരുതി ടാക്കീസിലിരുന്ന് കണ്ടത് ചന്തു മൂപ്പന്റെ കണ്ണുകളിൽ ഇന്നലെ കണ്ട കാഴ്ച പോലെ ഇപ്പോഴുമുണ്ട്.