ചെറുപ്പത്തിലെ ഒന്നാമനാകാൻ ആഗ്രഹിച്ചിരുന്നോ എന്നു ചോദിച്ചാൽ, ക്വിസ് മത്സരത്തിനിരിക്കുന്ന കുട്ടികളുടെ ആർജവത്തോടെ ജോയ് കൈ പൊക്കും, പാതിരപ്പള്ളി മേരി ഇമ്മാക്യുലേറ്റ് സ്കൂളിൽ നിന്ന് ഒന്നാമനായി വിജയിച്ച ചരിത്രത്തിലേക്ക്. പാതിരപ്പള്ളി പള്ളിക്കത്തയ്യിൽ മത്സ്യതൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റെയും മേരിയുടെയും മകനായി പിറന്ന ജോയിക്ക്, കുഞ്ഞിലേ കടൽ ഇഷ്ടമായിരുന്നെങ്കിലും പഠിപ്പിന്റെ കടലിൽ ഇറങ്ങാനായിരുന്നു മോഹം. അസാധാരണമായ ഒരു വിജയകഥയിലേക്ക്...
ജോയി സെബാസ്റ്റ്യൻ ഒരിക്കലും 'വെള്ളക്കോളറി"നുള്ളിൽ കയറിയിട്ടില്ല. നേട്ടങ്ങളിലേക്ക് എത്താൻ കുറുക്കുവഴി തെരഞ്ഞെടുത്തുമില്ല. മത്സ്യതൊഴിലാളി കുടുംബത്തിന്റെ പഞ്ഞമാസങ്ങൾ ഏറെ പരിചിതമാണ്. പക്ഷേ തളരാത്തൊരു മനസും കഷ്ടപ്പെടാനുള്ള വീര്യവും ജന്മനാ ഒപ്പം കൂടിയതാവാം ജോയി സെബാസ്റ്റ്യനെ അസൂയപ്പെടുത്തുന്ന ഉയരങ്ങളിലെത്തിച്ചത്. രണ്ടായിരത്തോളം കമ്പനികളെ പല ഘട്ടങ്ങളിലായി പിന്തള്ളി , കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ 'ടെക്ജൻഷ്യ" എന്ന സ്ഥാപനത്തിന്റെ തലവൻ ജോയ് സെബാസ്റ്റ്യന്റെ വിജയ മന്ത്രങ്ങൾ ഇതെല്ലാമാണ്. ലോകത്തെ തന്നെ ഏറ്റവും നൂതനമായ കോൺഫറൻസിംഗ് സോഫ്റ്റുവെയറുകൾക്ക് രൂപം നൽകിയിട്ടുള്ള സ്ഥാപനങ്ങളെയാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ഈ സമർത്ഥൻ പിന്തള്ളിയത്.
ചെറുപ്പത്തിലെ ഇങ്ങനെ ഒന്നാമനാകാൻ ആഗ്രഹിച്ചിരുന്നോ എന്നു ചോദിച്ചാൽ, ക്വിസ് മത്സരത്തിനിരിക്കുന്ന കുട്ടികളുടെ ആർജവത്തോടെ ജോയ് കൈ പൊക്കും, പാതിരപ്പള്ളി മേരി ഇമ്മാക്യുലേറ്റ് സ്കൂളിൽ നിന്ന് ഒന്നാമനായി വിജയിച്ച ചരിത്രത്തിലേക്ക്. പാതിരപ്പള്ളി പള്ളിക്കത്തയ്യിൽ മത്സ്യതൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റെയും മേരിയുടെയും മകനായി പിറന്ന ജോയിക്ക്, കുഞ്ഞിലേ കടൽ ഇഷ്ടമായിരുന്നെങ്കിലും പഠിപ്പിന്റെ കടലിൽ ഇറങ്ങാനായിരുന്നു മോഹം. കടലിൽ പോകുന്ന പിതാവിന്റെ കീശയുടെ കനക്കുറവിനെക്കുറിച്ച് ജോയ് ചിന്തിച്ചേയില്ല. ഏറെ കഷ്ടതകൾ സഹിച്ചാണെങ്കിലും നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. ഇപ്പോൾ ജോയിക്ക് അഭിനന്ദനങ്ങളുടെയും ആശംസകളുടെയും പ്രവാഹമാണ്. പക്ഷേ കേരളം ഏറ്റവും വലിയ കഷ്ടാരിഷ്ടതകളുടെ കാലത്തും ജോയി രക്ഷകനായുണ്ടായിരുന്നത് അധികമാരും അറിയാത്ത ചരിത്രം. മേൽക്കൂരയ്ക്കുമുകളിലും വെള്ളം കയറി ജീവിതത്തിനും മരണത്തിനുമിടയിൽ ആശങ്കപ്പെട്ടു നിന്ന എത്രയോ പേരെ രക്ഷിക്കാനുള്ള ആപ്പ് തയ്യാറാക്കിയാണ് അന്ന് കേരള സർക്കാരിന്റെ രക്ഷാ പ്രവർത്തനങ്ങളോട് അദ്ദേഹം കൈകോർത്തത്.
ദുബായിലുള്ള ജയേഷ് എന്നയാളാണ് മന്ത്രി തോമസ് ഐസക്കിന് ജോയിയെ പരിചയപ്പെടുത്തുന്നത്. ആലപ്പുഴയിലെ കൺട്രോൾ റൂമിൽ ജോയിയും മറ്റു രണ്ടുസഹപ്രവർത്തകരും ഇത്തരം പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ, ടെക്ജൻഷ്യയിലെ 65 ഓളം ജീവനക്കാർ ഒറ്റ മനസോടെ പ്രയത്നിച്ചു. വിദേശത്തോ, മറ്റു സംസ്ഥാനങ്ങളിലോ ഉള്ള ബന്ധുക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാട്ടിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതായിരുന്നു ആപ്പ്. നേവിയുടെ രക്ഷാപ്രവർത്തകർക്ക് ഇത് ഏറെ സഹായകമായി. അന്നത്തെ ആലപ്പുഴ സബ് കളക്ടർ കൃഷ്ണതേജ് ടെക്ജൻഷ്യയുടെ ഓഫീസിലെത്തി അനുമോദിച്ചത് മറ്റൊരു അംഗീകാരം. ജീവിതമാർഗത്തിന് വേണ്ടിയുള്ള പരിശ്രമം പി.എസ്.സി വഴി സർക്കാരിന്റെ ഗുമസ്ത പണിയിലെത്തിച്ചെങ്കിലും കമ്പ്യൂട്ടർ മേഖല കടലിലെ അടങ്ങാത്ത തിര പോലെ മനസിലടിച്ചു കയറി. എം.സി.എ കഴിഞ്ഞ്, 2000-ൽ വലതുകാൽ വച്ചു കയറിയ അവനീർ എന്ന സ്ഥാപനമാണ് തന്റെ ജീവിതം മാറ്രിമറിച്ചതെന്ന് ജോയി ഇന്നും വിശ്വസിക്കുന്നു. ആഡിയോ കോൺഫറൻസിംഗ് സംബന്ധമായ പ്രൊജക്ടുകൾ ചെയ്തു വന്ന 'പ്രൊഡക്ട്" കമ്പനിയായിരുന്നു അത്. ആആറുവർഷം അവിടെ ജോലി ചെയ്തു, ഉത്പന്നങ്ങൾ ഉണ്ടാക്കി കഴിഞ്ഞേ പണം ലഭിക്കൂ എന്നതാണ് പ്രൊഡക്ട് കമ്പനികളുടെ സവിശേഷത. ഏതായാലും 2006-ൽ സാമ്പത്തിക പ്രതിസന്ധി അവനീറിന് താഴ് വീഴ്ത്തി. എങ്കിലും ആ സ്ഥാപനത്തിന്റെ ഉടമയായിരുന്ന അമേരിക്കൻ മലയാളി ജെയിംസ് ജോസ്, വീണ്ടും ഇതേ രംഗത്ത് തുടരാൻ തീരുമാനിച്ചപ്പോൾ ജോയിയും പത്താം ക്ളാസ് മുതലുള്ള സഹപാഠിയുമായ ടോണി തോമസും ഒപ്പം കൂടി. അവനീറിന് വേണ്ടി പ്രൊഡക്ട് നിർമിച്ചു നൽകുകയായിരുന്നു മുഖ്യ ദൗത്യം.
2014 ഓടെ അവനീറിന്റെ പഴയ സ്ഥിതിയിൽ-സാമ്പത്തിക പ്രതിസന്ധിയിൽ ടെക്ജൻഷ്യയുമെത്തി. അങ്ങനെ നോർവെയിലെ ഇ.സി മീറ്റിംഗ് സ്ഥാപനത്തിന് വേണ്ടിക്കൂടി പ്രൊഡക്ടുകൾ തയ്യാറാക്കി തുടങ്ങിയതോടെ വരുമാനം മെച്ചപ്പെട്ടു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ പങ്കെടുത്തത് തന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാവുന്ന സുഹൃത്തുക്കളുടെയും സ്ഥാപനത്തിലെ സഹപ്രവർത്തകരുടെയും നിർബന്ധം കൊണ്ടാണ്. ആവശ്യത്തിലധികം ജോലിഭാരം ഓരോ ജീവനക്കാരനും ഉള്ളപ്പോൾ ഇത്തരം ഒരു ദൗത്യത്തിന് ഇറങ്ങിയാൽ വിജയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അധിക അദ്ധ്വാനത്തിന് തയ്യാറുള്ള സഹപ്രവർത്തകരുടെ സ്നേഹപൂർവമായ സമ്മർദ്ദത്തിന് വഴങ്ങി. 300 പേജുള്ള പ്രൊപ്പോസലാണ് ആദ്യം സമർപ്പിച്ചത്. ചാലഞ്ചിന്റെ സംഘാടകർ ഇത് വായിച്ചു നോക്കുമോ എന്നുപോലും സംശയിച്ചു. പക്ഷേ തന്റെ ആശങ്കയ്ക്ക് വിപരീതമാണ് സംഭവിച്ചത്. 2000 കമ്പനികൾ സമർപ്പിച്ച പ്രൊപ്പോസലുകളും അവർ വിശദമായി പരിശോധിച്ച്, 30 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതിൽ ടെക്ജൻഷ്യയും ഉൾപ്പെട്ടത്, സമർപ്പിച്ച പ്രൊജക്ടിന്റെ കരുത്ത്. 30 പേർ അവതരിപ്പിച്ച പ്രൊജക്ട് വീണ്ടും വിശദമായി പരിശോധിച്ച് 12 പേരെ കണ്ടെത്തിയപ്പോഴും ജോയിയുടെ സ്ഥാപനം ഉൾപ്പെട്ടു. അഞ്ചു ലക്ഷം രൂപവീതമാണ് ഓരോ സ്ഥാപനത്തിനും ആദ്യഘട്ട സമർപ്പണത്തിന് അനുവദിച്ചത്. കേന്ദ്രസർക്കാർ നടത്തിയ മത്സരമായിരുന്നെങ്കിലും തീർത്തും സ്വകാര്യ സ്ഥാപനങ്ങളെ പോലും അതിശയിപ്പിക്കും വിധമായിരുന്നു അവരുടെ നിരീക്ഷണങ്ങൾ.ഇപ്പോഴത്തെ നേട്ടത്തിൽ അഭിമാനമുണ്ടെങ്കിലും വലിയൊരു സ്വപ്നം മനസിൽ താലോലിക്കുന്നു,'ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്." വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന വ്യക്തിയുടെ ഓരോ ചലനവും ശബ്ദവും സൂക്ഷ്മമായി നിരീക്ഷിച്ച് നിമിഷാർദ്ധത്തിന്റെ വ്യത്യാസം പോലുമില്ലാതെ കാണുന്നവരിലേക്ക് എത്തിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ വലിയ സവിശേഷത. ഒപ്പം സ്ഥാപനത്തിന്റെ വരുമാനവും ഗണ്യമായി ഉയർത്തണം. ഇപ്പോഴത്തെ പ്രതിവർഷ വരുമാനമായ ഒന്നര മില്യൻ ഡോളർ പത്തിരട്ടിയാക്കി മെച്ചപ്പെടുത്തണം. 'അത് നടക്കും, നടത്തും."