lazy

പണിയെടുക്കാതെ കാശുണ്ടാക്കുന്നതിനെപ്പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?​ മേലനങ്ങാതെ കാശുണ്ടാക്കുക എന്നൊരു ചൊല്ല് തന്നെ മലയാളത്തിലുണ്ട്. എന്നാൽ, ശരിക്കും അങ്ങനെയൊരു ജോലിയുണ്ടോ?​ എന്നാൽ, ഉണ്ടെന്നുതന്നെ കൂട്ടിക്കോളൂ.. പക്ഷേ, ഇവിടെയല്ലെന്ന് മാത്രം. ജർമ്മൻ സർവകലാശാലയാണ് ഇത്തരമൊരു അത്യപൂർവ അവസരമൊരുക്കുന്നത്. ജോലി ചെയ്യേണ്ട എന്ന് മാത്രമല്ല, കൃത്യമായി ശമ്പളവും ലഭിക്കും. ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നവരെ ലക്ഷ്യമിട്ട് സ്കോളർഷിപ്പ് നൽകാനാണ് സർവകലാശാല ഗവേഷകരുടെ തീരുമാനം. യാതൊരു ലക്ഷ്യബോധവുമില്ലാതെ ജീവിക്കുന്ന അലസൻമാരെ ഉദ്ദേശിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു സ്കോളർഷിപ്പ് ഹാംബർഗിലെ യൂണിവേഴ്സിറ്റി ഒഫ് ഫൈൻ ആർട്സ് അവതരിപ്പിച്ചത്.എന്നാൽ, നിസാരമായി ഈ സ്കോളർഷിപ്പ് നേടിയെടുക്കാമെന്ന വ്യാമോഹം വേണ്ട. സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നവർ ഗവേഷകർ പറയുന്ന കാലയളവിലുടനീളം യാതൊരു പണിയും ചെയ്യാതെ നിഷ്ക്രിയരായിരിക്കണം. അത് അക്കാദമിക് വിദഗ്ദ്ധരെ ബോധ്യപ്പെടുത്തുകയും വേണം. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു പഠനം നടത്തിയതെന്ന് പ്രോജക്ട് രൂപകൽപ്പന ചെയ്ത പ്രൊഫ. ഫ്രീഡ്രിക്ക് വോൺ ബോറീസ് വ്യക്തമാക്കി. പണിയെടുക്കാതെ കാശ് വാങ്ങാൻ സന്നദ്ധരായവർക്ക് സെപ്തംബർ 15 വരെ അപേക്ഷിക്കാൻ സമയമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2021 ജനുവരിയിൽ 1600 യൂറോ (ഏകദേശം 1.41 ലക്ഷം രൂപയാണ്) ഗ്രാന്റായി ലഭിക്കുക.​