covid-death

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം വാർഡിൽ നിന്ന് മണിക്കൂറുകൾ കഴി‌ഞ്ഞിട്ടും മാറ്റാത്തത് വിവാദമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതർ ചികിത്സയിൽ കഴിയുന്ന അഞ്ചാം വാർഡിലായിരുന്നു സംഭവം. പുലർച്ചെ അഞ്ച് മണിയോടെ മരിച്ചയാളുടെ മൃതദേഹം അഞ്ച് മണിക്കൂറിന് ശേഷം പത്തരയോടെയാണ് മാറ്റിയത്.

മൃതദേഹത്തിന്റെ തൊട്ടടുത്ത് വച്ച് വാർഡിലെ മറ്റ് രോഗികൾക്ക് പ്രഭാത ഭക്ഷണവും വിതരണം ചെയ്‌തു. മൃതദേഹത്തിന് തൊട്ടടുത്ത് വച്ച് വിതരണം ചെയ്ത ഭക്ഷണം കഴിക്കില്ല എന്ന് പറഞ്ഞ് രോഗികൾ പ്രതിഷേധിച്ചു. രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടർന്നാണ് മൃതദേഹം പിന്നീട് നീക്കം ചെയ്തത്. ബാലരാമപുരം സ്വദേശിയാണ് കൊവിഡ് ബാധിച്ച് പുലർച്ചെ മരിച്ചത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ വിശദീകരണം മെഡിക്കൽ കോളേജോ ആരോഗ്യവകുപ്പോ നടത്തിയിട്ടില്ല.