
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ ഹർജി നൽകിയ സംസ്ഥാന സർക്കാരിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് അടുത്ത മാസം ഒമ്പതിനകം സർക്കാർ രേഖകൾ കോടതിയിൽ ഹാജരാക്കണം. 15ന് വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
വിമാനത്താവളം കൈമാറാനുള്ള കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരായ സർക്കാരിന്റെ അപ്പീലിൽ ഹർജി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഉത്തരവ് വരും വരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
വിമാനത്താവള നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ ഇന്നലെ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സർക്കാർ അഭ്യർത്ഥന കേന്ദ്ര സർക്കാർ അവഗണിച്ചുവെന്നും അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.