കിംഗ്സ്ടൺ: ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച തന്റെ 34-ാം ജന്മദിനം ആഘോഷിക്കാൻ ബോൾട്ട് വിപുലമായ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിൽ മാസ്ക് ധരിക്കാതെയാണ് ബോൾട്ടും സുഹൃത്തുകളും പങ്കെടുത്തത് എന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ബോൾട്ടിന്റെ പാർട്ടിയിൽ പങ്കെടുത്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ൽ പരിശോധനയിൽ നെഗറ്റീവായി.
ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരം വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറി. അസുഖ ലക്ഷണങ്ങളൊന്നും തനിക്കില്ലെന്ന് ബോൾട്ട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മൂന്ന് ഒളിമ്പിക്സുകളിൽ തുടർച്ചയായി അത്‌ലറ്റിക്സിൽ 100,200 മീറ്ററുകളിൽ സ്വർണം നേടിയ ഏകതാരമാണ് ബോൾട്ട്. 2008 ബെയ്ജിംഗ് ഒളിമ്പിക്സിലാണ് ബോൾട്ട് തന്റെ ഒളിമ്പിക് മെഡൽക്കുതിപ്പ് തുടങ്ങുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും അത് തുടർന്നു. രണ്ട് റിലേ സ്വർണങ്ങളുമുൾപ്പടെ എട്ട് ഒളിമ്പിക് സ്വർണമെഡലുകൾക്ക് ഉടമയാണ് ബോൾട്ട്. 2009ലെ ബെർലിൻ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിൽ കുറിച്ച 100 മീറ്ററിലെയും (9.58 സെക്കൻഡ് ), 200 മീറ്ററിലെയും (19.19 സെക്കൻഡ് ) ലോകറെക്കാഡ് ബോൾട്ടിന്റെ പേരിലാണ്.
പഞ്ചാബ് കിംഗ്സ് ഇലവന്റെ ഒാപ്പണറായ ക്രിസ് ഗെയിൽ തുടർച്ചയായ രണ്ട് പരിശോധനയിൽ നെഗറ്റീവായതിനെത്തുടർന്ന് ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് തിരിക്കാനിരിക്കുകയാണ്.
ഗെയ്‌ലിനെക്കൂടാതെ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിംഗ്,ബയേർ ലെവർകൂസന്റെ ലിയോൺ ബെയ്ലി എന്നിവരും പാർട്ടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.