anil

തിരുവനന്തപുരം: യു.എ.ഇ സർക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി ചേർന്ന് സംസ്ഥാന സർക്കാർ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കുന്നതിനുള്ള ലൈഫ് മിഷൻ കരാറിൽ അടിമുടി ദുരൂഹതയാണെന്ന് സ്ഥലം എം.എൽ.എ കൂടിയായ കോൺഗ്രസ് നേതാവ് അനിൽ അക്കര പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച വിവാദങ്ങൾക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അവഹേളിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി കൂടിയായ എ.സി.മൊയ്തീന്റെ മൗനം കുറ്റകരമാണ്. അദ്ദേഹം അറിയാതെ ഒന്നും നടക്കില്ല. അനിൽ അക്കര 'ഫ്ളാഷി'നോട് സംസാരിക്കുന്നു..

സി.ബി.ഐ വരണം

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ എല്ലാം വെളിച്ചത്തു വരേണ്ടത് ആവശ്യമാണ്. തീവെട്ടിക്കൊള്ളയാണ് പദ്ധതിയുടെ മറവിൽ നടന്നിരിക്കുന്നത്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിനും നടപടി എടുക്കണം. കോൺഗ്രസും യു.ഡി.എഫും പ്രതിഷേധവുമായി മുന്നോട്ട് പോകും. സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആലോചിക്കുന്നുണ്ട്.

5 കോടി എവിടെ?

ലൈഫ് പദ്ധതിയിലെ കരാർ 20 കോടിക്കാണ്. എന്നാൽ, വടക്കാഞ്ചേരിയിലെ നിർമ്മാണസ്ഥലം കണ്ടാൽ ആർക്കും മനസിലാകും ഇതിന് 10 കോടി മാത്രമേ ചെലവ് വരികയുള്ളൂവെന്ന്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് 4.5 കോടി കമ്മിഷനായി കൊടുത്തെങ്കിൽ ബാക്കി അഞ്ച് കോടി രൂപ എവിടെ പോയെന്ന് സർക്കാർ വ്യക്തമാക്കണം. ആ അഞ്ച് കോടിയെക്കുറിച്ചാണ് വി.ഡി.സതീശൻ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ ആരോപണം ഉന്നയിച്ചത്.

തടസം ചൂണ്ടിക്കാട്ടിയിട്ടും..

ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് സ്ഥലം എം.എൽ.എയായ തന്നോട് ഒരുതവണ പോലും ചർച്ച ചെയ്യാൻ മന്ത്രി എ.സി.മൊയ്തീൻ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു യോഗത്തിലേക്കും എന്നെ വിളിച്ചില്ല. വടക്കാഞ്ചേരിയിലെ കൗൺസിലർ മന്ത്രിയുടെ സ്വന്തം ആളാണ്. ഹാബിറ്റാറ്റിന്റെ പദ്ധതിയായിരുന്നു അവിടെ നടക്കേണ്ടത്. എന്നാൽ, അതിന്റെ മറവിൽ ലൈഫ് മിഷൻ പദ്ധതിയെ തിരുകിക്കയറ്റുകയാണ് മന്ത്രിയും കൂട്ടരും ചെയ്തത്. പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട കാര്യം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചപ്പോൾ തന്നെ അവിടത്തെ നിർമ്മാണത്തിനുള്ള ചില തടസങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, അവർ ചെവിക്കൊണ്ടില്ല.

അതെല്ലാം ദുരൂഹം

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.സി.മൊയ്തീൻ സ്വീകരിച്ച നടപടികൾ ദുരൂഹമാണ്. ബെവ്കോ ആപ്പുമായി ബന്ധമുള്ള ഒരു സഖാവിന് പണം കിട്ടിയോ എന്ന് സംശയമുണ്ട്. ഇത്തരം സംശയങ്ങളെല്ലാം വെളിച്ചത്തു കൊണ്ടുവരുന്നതിനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

ഒരു കത്ത് പോലും അയച്ചില്ല

ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപകരാർ ഉണ്ടെങ്കിൽ അത് സർക്കാർ പുറത്തുവിടണം. അതല്ല വാക്കാലാണ് അനുമതി നൽകിയതെങ്കിൽ അക്കാര്യം വ്യക്തമാക്കണം. താൻ അന്വേഷിച്ചപ്പോൾ അങ്ങനെ ഉപകരാറില്ല എന്നാണ് ലൈഫ് മിഷന്റെ ഉത്തരവാദപ്പെട്ടവർ മറുപടി നൽകിയത്. അങ്ങനെയെങ്കിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണ്. ഭരണാനുമതി കൊടുത്തത് ആരാണ്? സ്ഥലം കൈമാറി കൊടുത്തത് ആരാണ്? എഗ്രിമെന്റ് ഒപ്പിട്ടതിന്റെ രണ്ടാംദിവസം യൂണിടാക്കിന്റെ അക്കൗണ്ടിലേക്ക് മൂന്നു കോടി രൂപ മാറ്റി. ജൂൺ 30നാണ് കരാർ ഒപ്പിട്ടത്. ആ യോഗത്തിന്റെ മിനിട്ട്സ് വായിച്ചാൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും രാജിവയ്ക്കേണ്ടിവരും. ലൈഫ് മിഷന്റെ സി.ഇ.ഒ ഒരു കത്ത് പോലും അയച്ചില്ല. ഇതെല്ലാം ചട്ടവിരുദ്ധമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു റീ ബിൽഡ് കേരളയുടെ ചുമതലയുണ്ടായിരുന്ന വേണുവിനും ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹവും ഇതിന്റെ തുടർ നടപടികളിലേക്ക് പോയില്ല.