അസൻഷ്യോൻ ( പരാഗ്വെ) : ജീവകാരുണപ്രവർത്തനത്തിനായെത്തി വ്യാജ പാസ്പോർട്ട് കേസിൽപ്പെട്ട് അഞ്ചുമാസമായി കുടുങ്ങിപ്പോയ ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡീഞ്ഞോയ്ക്ക് ഒടുവിൽ പരാഗ്വെ വിട്ടുപോകാൻ കോടതിയുടെ അനുമതി. റൊണാൾഡീഞ്ഞോയ്ക്ക് ഒപ്പമുണ്ടായിരുന്ന സഹോദരൻ റോബർട്ടോ ഡി അസിസ് മൊറേയ്റയെയും കോടതി വിട്ടയച്ചു.
കഴിഞ്ഞ മാർച്ച് നാലിനാണ് റൊണാൾഡീഞ്ഞോയും സഹോദരനും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന് ധനസമാഹരണം നടത്തുന്നതിന് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനായി പരാഗ്വെയിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് വ്യാജ പാസ്പോർട്ടിലാണ് ഇരുവരും എത്തിയതെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിടയ്ക്കപ്പെട്ട ഇവർക്ക് ഒരു മാസത്തിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും കേസ് കഴിയുംവരെ ഹോട്ടൽ മുറിയിൽ വീട്ടുതടങ്കലിൽ കഴിയാനായിരുന്നു കോടതി വിധി.
2005ലെ ബാൾ ഒാൺ ഡി ഒാർ പുരസ്കാര ജേതാവായ റൊണാൾഡീഞ്ഞോ പരാഗ്വെയിലെ ജയിലിലാണ് തന്റെ 40-ാം പിറന്നാൾ ആഘോഷിച്ചത്. ജയിലിൽ മറ്റ് തടവുകാർക്കൊപ്പം റൊണാൾഡീഞ്ഞോ ഫുട്ബാൾ കളിക്കുന്നതിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയതിൽ റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും പങ്കില്ലെന്ന് കോടതി കണ്ടെത്തി. വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മിക്കവരും എമിഗ്രേഷൻ,കസ്റ്റംസ് ഉദ്യോഗസ്ഥരായിരുന്നു. തുടർന്നാണ് 90000 ഡോളർ നഷ്ടപരിഹാരം നൽകി നാട്ടിലേക്ക് മടങ്ങാൻ താരത്തെ അനുവദിച്ചത്.
2002ലെ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ അംഗമായിരുന്ന റൊണാൾഡീഞ്ഞോ 2013 ലാണ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചത്. പാരീസ് എസ്.ജി, ബാഴ്സലോണ,എ.സി മിലാൻ തുടങ്ങിയ വമ്പൻ ക്ളബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.