turmeric

ആനന്ദ്: തനത് വിഭവങ്ങൾക്കും പുത്തൻ കണ്ടെത്തലുകൾക്കും കമ്പനികളോ ഗവേഷണ സ്ഥാപനങ്ങളോ പേറ്രന്റ് എടുക്കുന്നത് സർവ സാധാരണമാണ്. എന്നാൽ ഒരു ഗ്രാമമൊന്നാകെ കാർഷിക വിഭവത്തിന് നിർമ്മാണാവകാശം എടുത്തതായി കേട്ടിട്ടുണ്ടോ? ഗുജറാത്തിലാണ് അങ്ങനൊയൊരു ഗ്രാമമുള‌ളത്.

ഗുജറാത്തിലെ ഹരിതാഭയാർന്ന ഗ്രാമമാണ് ബൊറിയാവി. ഇവിടുത്തെ ഇഞ്ചിയ്‌ക്കും മഞ്ഞളിനും ഗ്രാമീണർ പേ‌റ്റന്റ് നേടിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി നാടാകെ ഒന്നിക്കുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ബൊറിയാവിയിലെ മഞ്ഞളിനും ഇഞ്ചിക്കും പ്രത്യക കഴിവുണ്ടെന്ന് ആനന്ദ് കാർഷിക സർവകലാശാല അംഗീകാരം നൽകിയിരിക്കുകയാണ്. ഇവക്ക് പേ‌റ്റന്റ് നൽകുന്നതിനൊപ്പം മഞ്ഞളും ഇഞ്ചിയും കൃഷിചെയ്യുന്ന കർഷകർക്ക് ജിയോ ടാഗ് ചെയ്യുകയും ചെയ്‌തിട്ടുണ്ട് ഇവിടെ.

പേ‌റ്റന്റ് നൽകിയ വിഭവങ്ങൾക്ക് നൂ‌റ്റാണ്ടുകളായി പ്രത്യക ഗുണം തന്നെയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു ആനന്ദ് സർവകലാശാലയിലെ വൈസ് ചാൻസിലറുടെ ചുമതലയുള‌ള ഡോ.ആർ.വി.വ്യാസ്. ഗ്രാമത്തിൽ എൺപത് ഹെക്‌ടർ പ്രദേശത്ത് 400 കർഷകരാണ് ഇവ കൃഷി ചെയ്യുന്നത്.

മ‌റ്റ് മേഖലകളിൽ വളരുന്ന മഞ്ഞളിനും ഇഞ്ചിയ്‌ക്കും കൂടുതൽ നാരുകളുണ്ട്. ഇത് അവയിൽ ഏറെ നഷ്‌ടമാകാൻ കാരണമാകുന്നു എന്നാൽ ബൊറിയാവിയിലെ മഞ്ഞളിനും ഇഞ്ചിയ്‌ക്കും നാരുകൾ കുറവും അത്യാകർഷകമായ മണവുമുണ്ട്. നല്ല വരുമാനം കൂടി ഈ സുഗന്ധവ്യഞ്ജനങ്ങൾക്ക് വന്നുതുടങ്ങിയതോടെ കർഷകർ ഇവയുടെ വിപണനത്തിൽ കൂടുതൽ ഉത്സാഹഭരിതരാണ്.