covid-patient

ന്യൂഡൽഹി: കൊവിഡ് ഭീതിക്ക് ആശ്വാസം പകർന്ന് രാജ്യത്തെ രോഗമുക്തരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 66,550 പേരാണ് വൈറസ് മുക്തരായത്. ഒരു ദിവസത്തിനിടെ രോഗമുക്തരാകുന്നവരുടെ ഇതുവരെയുളള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇവരുടെ എണ്ണത്തിൽ കഴിഞ്ഞ 25 ദിവസത്തിനിടെ 100ശതമാനം വർദ്ധന ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 24 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായത്. കേന്ദ്ര ആരോഗ്യമന്ത്രായലമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മരണനിരക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്. നിലവിലെ മരണ നിരക്ക് 1.48 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

covid-graph

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 848 പേരാണ് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് ലോകത്ത് മുന്നിൽ. ലോകത്ത് റിപ്പോർട്ടു ചെയ്യുന്ന കൊവിഡ് കേസുകളിൽ 26 ശതമാനവും ഇന്ത്യയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബയ്, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് രോഗികൾ ഏറെയും. നേരത്തേ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്തിരുന്ന ഡൽഹി ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.