തിരുവനന്തപുരം: പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുദ്ധത്തിൽ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിപക്ഷത്തിനുള്ളത്. കഴിഞ്ഞ നാല് കൊല്ലവും ഇതായിരുന്നു അവസ്ഥ. അവസാനം അവിശ്വാസ പ്രമേയത്തിലും ഇതാണ് കണ്ടത്. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണ് കേരളത്തിന്റെ ഗതികേട്. നിയമസഭയിൽ പത്തംഗം ബി.ജെ.പിക്കുണ്ടായിരുന്നുവെങ്കിൽ സർക്കാർ വെള്ളം കുടിക്കുമായിരുന്നു. യു.ഡി.എഫിന് ആത്മാർഥതയുടെ കുറവുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നിയമസഭയിൽ സർക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കികൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണ്. ആവനാഴിയിൽ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത്. നിർഗുണ പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും നിരവധി അരോപണങ്ങളിൽ ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാൻ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ലൈഫ് മിഷൻ, സ്വർണക്കടത്ത്, ജലീൽ വിഷയം ഇതിലൊന്നും തൃപ്തികരമായ മറുപടി പറയാൻ മുഖ്യന്ത്രി തയ്യാറായിട്ടില്ല. ചട്ടലംഘനവും സ്വർണക്കടത്തും സംബന്ധിച്ച് ജലീലിന്റെ വിശദീകരണം തന്നെയാണ് മുഖ്യമന്ത്രിയും ആവർത്തിച്ചത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ ഒരു കാര്യവും മുഖ്യമന്ത്രി പറഞ്ഞില്ല. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ കുറ്റപ്പെടുത്തിയിട്ടും തന്റെ ഓഫീസിനെ ആരും കുറ്റപ്പെടുത്തിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നിയമസഭയെ വർഗീയ ധ്രുവീകരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രി പ്രശ്‌നങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുകയാണ്. കോടതി പരിഹരിച്ച അയോദ്ധ്യ വിഷയം നിയമസഭയിൽ പ്രധാന ചർച്ച വിഷയമാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. സാമുദായിക ധ്രുവീകരണം എന്ന ദുഷ്‌ടലാക്കാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് കെ.ടി ജലീലിന്റെ ഖുറാനിൽ പൊതിഞ്ഞ സ്വർണക്കടത്തിനെ മുഖ്യമന്ത്രി വീണ്ടും മതഗ്രന്ഥമായി പറഞ്ഞ് പിന്തുണച്ചത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന സർക്കാരാണ് തങ്ങളെന്ന് വരുത്തി തീർക്കാനുള്ള ഗൂഢാലോചനയിലാണ് മുഖ്യമന്ത്രി. മത സാമുദായിക ശക്തികളുടെ കരുത്തിൻമേൽ അധികാരം നിലനിർത്താമെന്ന ദുഷ്‌ടലാക്കാണ് മുഖ്യമന്ത്രിക്കുള്ളത്. വർഗീയ ശക്തികളെ കൂട്ടു പിടിച്ച് തിരഞ്ഞെടുപ്പ് വിജയമുണ്ടാക്കാനുള്ള തന്ത്രം തിരിച്ചറിയണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.